രണ്ടാം ഘട്ട കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, ജൂൺ ആദ്യവാരത്തോടെ പ്രതിദിനം 2300 ൽ അധികം മരണങ്ങൾ ഉണ്ടായേക്കാമെന്ന് ലാൻസെറ്റ് കൊവിഡ് 19 കമ്മീഷൻ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സിന്റെ പഠന റിപ്പോർട്ട്. കോവിഡ് മരണത്തിന്റെ കണക്കുകളെക്കുറിച്ചുള്ള സൂചനകൾക്ക് ഒപ്പം കോവിഡ് വ്യാപനം തടയാനുള്ള ചില നിർദേശങ്ങളും പഠന റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.
രാജ്യത്ത് കോവിഡിന്റെ ആദ്യ തരംഗത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായത് കഴിഞ്ഞ ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിലായിരുന്നു. ഈ സമയത്ത് വൈറസ് ബാധിതരുടെ 75 ശതമാനവും 60 മുതൽ 100 വരെ ജില്ലകളിൽ നിന്നായിരുന്നു. അതേസമയം രണ്ടാം തരംഗത്തിൽ ഇത് 20 മുതൽ 40 വരെ ജില്ലകളിലായെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ കോവിഡിന്റെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ പുതിയ കേസുകളുടെ വർദ്ധനവിന്റെ നിരക്ക് ഗണ്യമായി കൂടുതലാണ്. യുവാക്കളെയാണ് ഈ ഘട്ടത്തിൽ രോഗം കൂടുതാലായി ബാധിക്കുന്നത്. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് മരണ നിരക്കും ക്രമാതീതമായി വർധിച്ചു. കഴിഞ്ഞദിവസം രാജ്യത്ത് 2.17 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.42 കോടി പിന്നിട്ടു.രാജ്യത്ത് ഇതുവരെ 1.74 ലക്ഷം പേർ കോവിഡ് മൂലം മരിച്ചു.