CrimeNationalNews

രാവിലെ ചായ നല്‍കിയില്ല;ഭാര്യയുടെ തല അറുത്ത് ഭർത്താവ്

ഗാസിയാബാദ്: ചായയെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. യുപിയിലെ ഗാസിയാബാദിലുള്ള ഭോജ്പുർ ഗ്രാമത്തിൽ ഭർത്താവ് ഭാര്യയുടെ തല അറുത്തു. ഭോജ്പുർ സ്വദേശിയായ സുന്ദരി ആണ് ഭർത്താവ് ധർമ്മവീറിൻ്റെ (52) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ ധർമ്മവീറിനെ പോലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച രാവിലെയായിരുന്നു അരുംകൊല നടന്നത്. കാലത്ത് ചായ ചോദിച്ചിട്ട് നൽകാത്തതാണ് ധർമ്മവീറിനെ പ്രകോപിപ്പിച്ചത്. രണ്ട് തവണ ചായ ചോദിച്ച ധർമ്മവീറിനോട് സമയമെടുക്കുമെന്നായിരുന്നു സുന്ദരി പറഞ്ഞത്. ഇതോടെ പ്രകോപിതനായ ധർമ്മവീർ സുന്ദരിയുമായി വഴക്ക് തുടങ്ങി. വഴക്ക് മൂർച്ഛിച്ചതോടെ വാളെടുത്ത് സുന്ദരിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്ത് വീണ സുന്ദരിക്ക് തത്ക്ഷണം മരണം സംഭവിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പുലർച്ചെ ആറുമണിക്ക് ഉണർന്ന സുന്ദരി അടുക്കളയിലെത്തി ചായ തയ്യാറാക്കുകയായിരുന്നു. സുന്ദരി എഴുന്നേറ്റ് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ധർമ്മവീറും ഉണർന്നു. ഉടൻതന്നെ ഇയാൾ ചായ ആവശ്യപ്പെട്ടു.

ചായ ലഭിക്കാത്തതിനെ തുടർന്ന് അഞ്ചു മിനിറ്റ് കഴിഞ്ഞും ആവശ്യം തുടർന്നു. 10 മിനിറ്റ് വൈകുമെന്ന് സുന്ദരി പറഞ്ഞതോടെ കോപാകുലനായ ധർമ്മവീർ മുകൾനിലയിലെ അടുക്കളയിലേക്ക് പാഞ്ഞെത്തി പാത്രങ്ങൾ ചവിട്ടിത്തെറിപ്പിച്ചു. പിന്നാലെ, താഴേക്ക് ഇറങ്ങി വാളുമായി തിരിച്ചെത്തിയ ഇയാൾ ചായ തിളപ്പിക്കുകയായിരുന്ന സുന്ദരിയെ പിന്നിൽനിന്ന് വെട്ടുകയായിരുന്നു.

സംഭവസമയം ഇവരുടെ നാല് കുട്ടികളും തൊട്ടടുത്തുള്ള മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ട ഇവർ അടുക്കളയിലേക്ക് ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ധർമ്മവീർ ഇവർക്ക് നേരെയും വാൾ വീശി. ഭയന്ന് വിറച്ച കുട്ടികൾ മുറിയിലേക്ക് ഓടിപ്പോയി. ഇവരുടെ മകനായ സൈനികനാണ് വിവരം പോലീസിന അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും മൃതദേഹത്തിന് സമീപമിരുന്ന് ധർമ്മവീർ കരയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ചായയെ ചൊല്ലി വീട്ടിൽ തർക്കം പതിവാണെന്നാണ് സൈനികനായ മകൻ വ്യക്തമാക്കുന്നത്. ദിവസം ആറു തവണ വരെ ചായ കുടിക്കുന്ന സ്വഭാവം പിതാവിനുണ്ട്. ചായ വൈകുമ്പോൾ അമ്മയുടെ നേരെ ആക്രോശിക്കാറുണ്ട്. എന്നാൽ മർദിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും മകൻ പറയുന്നു. രക്തത്തിൽ കുളിച്ചു കിടന്ന അമ്മയുടെ മൃതദേഹം മറക്കാനാകുന്നില്ലെന്നും മകൻ കൂട്ടിച്ചേർത്തു. പ്രതിയായ ധർമ്മവീറിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button