KeralaNews

നിയമസഭ സെക്രട്ടേറിയറ്റിൽ നൂറിലധികം പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേർക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ നിയമസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കോവിഡ് പടർന്നു പിടിക്കുന്ന ഗുരുതര സ്ഥിതിവിശേഷം ഉണ്ടായത്. രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേർക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങൾക്ക് രോഗം പകരാൻ കാരണമായതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻനിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷൻ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്

രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ നൂറിലധികം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിതരായിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർ ആശങ്കയിലാണെന്നാണ് അസോസിയേഷൻ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button