പാലക്കാട്:വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി.
അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക