തിരുവനന്തപുരം: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെ ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം ജില്ല നേരത്തേതന്നെ സി വിഭാഗത്തിലായിരുന്നു.
കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ജില്ലകളെ വിവിധ വിഭാഗത്തില്‍ പെടുത്തുന്നത്. അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളില്‍ 25 ശതമാനത്തില്‍കൂടുതല്‍ കോവിഡ് രോഗികളാണെങ്കില്‍ സി കാറ്റഗറിയിലേക്കു മാറും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ബി വിഭാഗത്തിലും മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ വിഭാഗത്തിലുമാണ്. ഇന്നുമുതല്‍ ഈ ജില്ലകളില്‍ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല.