25.7 C
Kottayam
Saturday, May 18, 2024

ബി.ജെ.പിയിൽ വെട്ടിനിരത്തൽ; സംസ്ഥാന നേതൃത്വത്തില്‍ പൊട്ടിത്തെറി,കൂടുതൽ പേർ രാജിയ്ക്ക്

Must read

തിരുവനന്തപുരം:സംസ്ഥാനഘടകത്തിലെ പുനഃസംഘടനയുടെ പിന്നാലെ, ദേശീയതലത്തിലെ പുനഃസംഘടനയെച്ചൊല്ലിയും ബി.ജെ.പി.യിൽ അതൃപ്തി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.

സംസ്ഥാന ഘടകത്തിൽ പി.കെ. കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചപ്പോൾ വയനാട്ടിൽനിന്നാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സി.കെ. ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാടായിരുന്നില്ല സജി ശങ്കറിന്.

ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് നിർണായകമാകും.

വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം. ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ. ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്. മാസങ്ങൾക്കുമുമ്പ് കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിഷൻ ചെയർമാനാക്കിയപ്പോൾത്തന്നെ ‘ഒതുക്കൽ’ മണത്തതാണ്.

പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തിനു തടയിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week