ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് (covid)വ്യാപനം രൂക്ഷമായി തുടരുന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്. പൊസിറ്റിവിറ്റി നിരക്ക്(positivity rate) മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടിയ നിരക്കിൽ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനത്തിൽ എത്തി. മഹാരാഷ്ട്രയിൽ 34000 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. അതേസമയം ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്നും എന്നാൽ ഗുരുതരമാവില്ലെന്നും സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു
ആശുപത്രികളടം ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിലും കൊവിഡ് വ്യാപിക്കുകയാണ്. ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ആൾക്കൂട്ട നിയന്ത്രണങ്ങളടക്കം നിർദേശങ്ങൾ അതാത് സംസ്ഥാനങ്ങൾക്കെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.