മൂന്നാര്‍: വീട്ടില്‍ നിന്നു ഒളിച്ചോടി കാമുകനൊപ്പം മൂന്നാറിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം. നാട്ടുകാരും പോലീസും ഇടപെട്ട് യുവതിയെ ഒടുവില്‍ രക്ഷിച്ചു. മുഖത്ത് സ്പ്രേ അടിച്ച് മയക്കിയശേഷം വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാനായിരുന്നു ബന്ധുക്കളുടെ ശ്രമം. തമിഴ്‌നാട് ശങ്കരന്‍കോവിലിലുള്ള 23 വയസ്സുകാരിയെ ആണ് തിങ്കളാഴ്ച രാത്രിയില്‍ ബന്ധുക്കള്‍ചേര്‍ന്ന് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ആറുമാസം മുമ്പാണ് യുവതി ബന്ധുക്കളറിയാതെ മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറിലേക്ക് ഒളിച്ചോടി എത്തിയത്. ഇവര്‍ മാട്ടുപ്പട്ടിയില്‍ താമസിച്ചുവരുകയായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. തിങ്കളാഴ്ച പകല്‍ വാഹനത്തില്‍ മാട്ടുപ്പട്ടിയിലെ ഇയാളുടെ വീട്ടിലെത്തിയ യുവതിയുടെ സഹോദരിയടക്കമുള്ള ബന്ധുക്കള്‍ യുവതിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കാമുകന്റെ വീട്ടുകാര്‍ ഈ ആവശ്യം നിഷേധിച്ചു. തര്‍ക്കത്തിനൊടുവില്‍ വീട്ടില്‍നിന്ന് ഇവര്‍ ഇറങ്ങിപ്പോയെങ്കിലും രാത്രി ഏഴിന് വീണ്ടുമെത്തി പെണ്‍കുട്ടിയോട് വീടിനുപുറത്തെത്താന്‍ ആവശ്യപ്പെട്ടു. പുറത്തുവന്ന യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ബോധംകെടുത്തിയശേഷം വാഹനത്തില്‍കയറ്റി കൊണ്ടുപോവുകയായിരുന്നു.
മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപത്തെത്തിയപ്പോള്‍ യുവതിക്ക് ബോധംവീണു. ചതി മനസ്സിലായ യുവതി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല. തുടര്‍ന്ന് യുവതി വാഹനത്തില്‍നിന്ന് പുറത്തേക്കുചാടി. വീഴ്ചയില്‍ യുവതിയുടെ കാലുകള്‍ക്ക് പരിക്കേറ്റു. അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പോലീസിനെയറിയിച്ചതിനെ തുടര്‍ന്ന് വാഹനം മറയൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്നീട് മറയൂര്‍ ഭാഗത്തേക്കുപോയ ബന്ധുക്കള്‍ മടങ്ങിയെത്തി.
തുടര്‍ന്ന് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. യുവതിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.