ന്യൂഡൽല്‍ഹി: തെക്ക് – പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സമീപ പ്രദേശങ്ങളിലും താഴത്തെ ട്രോപോസ്‌ഫെറിക് ലെവലില്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ മഴ പെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 2-3 ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപുകള്‍, കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും ഐ എം ഡി അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ആന്‍ഡമാനില്‍ കാലവര്‍ഷം പ്രവേശിച്ചത്.
ഇതോടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്‍ഡമാന്‍ കടലില്‍ നിന്ന് കാലവര്‍ഷം കേരള തീരത്തേക്കാണ് പ്രവേശിക്കുക. മേയ് 22 ന് ശേഷം കേരളത്തില്‍ കാലവര്‍ഷം എത്താനാണ് സാധ്യത. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇത്തവണ പതിവിലും നേരത്തെ കാലവര്‍ഷം എത്തിയതില്‍ കാര്‍ഷിക മേഖല പ്രതീക്ഷയിലാണ്. ഇടവപ്പാതിക്ക് കാത്ത് നില്‍ക്കാതെ ഇടവം തുടക്കത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. കുരുമുളക് കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പകരുന്നത്.
പ്രതികൂല കാലാവസ്ഥ മൂലം ഏതാനും വര്‍ഷങ്ങളില്‍ കുരുമുളക് ഉത്പാദനരംഗത്ത് നിലനിന്ന മരവിപ്പ് അടുത്ത സീസണില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയ്ക്ക് വഴിമാറിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ തമിഴ്നാട്ടിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ലക്ഷദ്വീപ് മേഖലയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച ഒറ്റപ്പെട്ട അതിശക്തമായ വെള്ളച്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം കേരളത്തില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധന്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.