കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങൾ തന്റെ പക്കലുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന മോൻസൺ മാവുങ്കൽ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കൂടിയാണ്. വർഷങ്ങളോളം പലരേയും പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്ന മോൻസൺ ഒടുവിൽ ക്രൈംബ്രാഞ്ചിന്റെ വലയിലായി.
കൊച്ചി കേന്ദ്രീകരിച്ചായിരുന്നു മോൻസൺ പുരാവസ്തു കേന്ദ്രം നടത്തി വന്നിരുന്നത്. എന്നാൽ ഇതൊക്കെ തട്ടിപ്പാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ കലൂരിലേ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്.
രാജകീയ ജീവിതമായിരുന്നു മോൻസൺ നയിച്ചിരുന്നത്. പാട്ടും നൃത്തങ്ങളും കളി ചിരികളുമായി നടിമാർ അടക്കമുള്ളവർ ഇയാൾക്ക് ചുറ്റിലും എന്നും ഉണ്ടായിരുന്നു. കൊട്ടാര സമാന വീട്ടിലായിരുന്നു ഇയാളുടെ പുരാവസ്തു ശേഖരങ്ങളും ഉണ്ടായിരുന്നത്. ഇതുകൂടാതെ ജിഎംസി കാരവാൻ ഉൾപ്പെടെയുള്ള കാറുകളുടെ ശേഖരം തന്നെ മോൻസണിനുണ്ടായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക് ക്യാറ്റ്സിനെ പോലുള്ള ഒരു സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിലും മോൻസൺ അറിയപ്പെട്ടിരുന്നു.
2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൺ തട്ടിപ്പ് നടത്തിയിരിക്കുന്നത്. പണം സംഭാവന നൽകി അതിന്റെ ഇരട്ടി പണം തിരിച്ച് വാങ്ങിക്കുക എന്ന രീതിയും മോൻസൺ തുടർന്നിരുന്നു. പല കമ്പനികൾക്കും പല സ്ഥാപനങ്ങൾക്കും ലക്ഷങ്ങളും കോടികളും ആയിരുന്നു സംഭാവനകൾ നൽകിയത്. പിന്നീട് തന്റെ പണം ബാങ്കിൽ ബ്ലോക്കായി കിടക്കുകയാണെന്നും അത് തിരിച്ചെടുക്കാൻ കുറച്ച് പണം വേണമെന്നും പറഞ്ഞ് ഇവരിൽ നിന്ന് ഇരട്ടി പണം വാങ്ങിക്കുകയും ചെയ്തിരുന്നു.
മോൻസണിന് പണം നൽകുന്നവർ കള്ളപ്പണം നൽകുന്നത് കൊണ്ട് തന്നെ പറ്റിക്കപ്പെട്ടു എന്നറിഞ്ഞാൽ അത് പരാതിപ്പെടാനും മടിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനും മറ്റ് അഞ്ച് പേരുമാണ് ഇയാൾക്കെതിരേ പരാതികളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ പറത്തു വന്നത്. സംസ്ഥാനത്തെ പല പ്രമുഖരേയും ഇയാളുടെ പുരാവസ്തു കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. ശേഷം ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പല ഉന്നതരായ ആളുകളെയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.
വിശാലമായ പുരാവസ്തു ശേഖരവും മറ്റും പുറംലോകത്തെത്തിക്കാൻ മോൻസൻ ഉപയോഗിച്ചത് യൂട്യൂബർമാരെയും മറ്റു മാധ്യമങ്ങളേയും തന്നെ ആയിരുന്നു. പുരാതനമെന്നും വർഷങ്ങൾ പഴക്കമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന സാധനങ്ങൾ എല്ലാവർക്കും കാണാനും അത് കൈയിൽ എടുക്കാനും സാധിക്കുന്ന രീതിയിലായിരുന്നു ഇയാൾ ക്രമീകരിച്ചിരുന്നത്. ഇത് പല യൂട്യൂബർമാരെയും ആകർഷിക്കുകയും അവർ അവരുടെ ചാനലുകൾ വഴി പുറം ലോകത്തെത്തിക്കുകയും ചെയ്തു.
മന്ത്രിമാരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മതനേതാക്കളും അടക്കം നിരവധി ഉന്നത ബന്ധങ്ങളായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പരാതികളിലും മറ്റും പോലീസുകാർക്ക് നടപടിയെക്കാനാകാത്ത വിധത്തിൽ മുകളിൽ നിന്ന് സമ്മർദ്ദങ്ങളുണ്ടായിരുന്നു. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പരാതികളിന്മേൽ നടപടികളുമായി പോലീസ് നീങ്ങിയാൽ, മുകളിൽ നിന്ന് അത് തടസ്സപ്പെടുത്തും. ഇതുകൊണ്ട് തന്നെ പല പോലീസുകാർക്കും ഇയാളോട് നീരസമുണ്ടായിരുന്നു.
പുറപ്പാട് പുസ്തകത്തിൽ പറയുന്നത് പ്രകാരം, മോശയുടെ കൈയിൽ എപ്പോഴും ഒരു വടിയുണ്ടായിരുന്നുവെന്നും ഈ വടി ഉപയോഗിച്ചായിരുന്നു എല്ലാ അത്ഭുതങ്ങളും ചെയ്തിരുന്നതു എന്നാണ് വിശ്വാസം. എന്നാൽ ഈ വടി നമ്മുടെ കേരളത്തിൽ ഉണ്ട് എന്നായിരുന്നു ഇത്രയും കാലം മോൻസൻ മാവുങ്കൽ വിശ്വസിപ്പിച്ചിരുന്നത്. തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിച്ചിരുന്ന ഒന്നായിരുന്നു മോശയുടെ വടി. വർഷങ്ങൾക്ക് മുമ്പ് മോശ ഉപയോഗിച്ച വടി ആണ് തന്റെ പക്കൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞപ്പോൾ അത് പലരും വിശ്വസിക്കുകയും ചെയ്തു.
രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. ഒരു വടിയിൽ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തിൽ നിന്ന് വാങ്ങിച്ചതാണ് എന്നായിരുന്നു മോൻസൻ അവകാശപ്പെട്ടിരുന്നത്. 2000 വർഷങ്ങൾക്ക് മേലെ പഴക്കമുള്ള വടിയാണ് ഇതെന്നാണ് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാൻ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം. വിദേശത്ത് നിന്ന് ആധികാരികമായി സ്വന്തമാക്കിയത് എന്നായിരുന്നു മോൻസൻ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ കൈവശ രേഖകളും ഇയാളുടെ പക്കൽ പ്രദർശിപ്പിച്ചിരുന്നു. യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും പുരാ ശേഖരമെന്ന് അവകാശപ്പെടുത്തുന്നിടത്ത് ഉണ്ടായിരുന്നു എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.
അൽഫോൺസാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുൽത്തയിൽ നിന്നെടുത്ത മണ്ണിൽ ഉണ്ടാക്കിയ കുരിശിനുള്ളിൽ നിർമിച്ച ഏറ്റവും ചെറിയ ബൈബിൾ, സ്വർണ്ണം കൊണ്ടുണ്ടാക്കിയ ബൈബിൾ തുടങ്ങിയ നിരവധി പുരാവസ്തുക്കൾ തന്റെ ശേഖരത്തിൽ ഉണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. മാത്രമല്ല അത് ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു
ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. അതിപുരാതനവും വർശങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാൾ വിശ്വസിപ്പിച്ചിരുന്നു. അറുനൂറിലേറെ ഖുറാൻ പതിപ്പുകൾ, ഇരുന്നൂറിലേറെ ബൈബിളുകൾ, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ പുരാവസ്തു ശേഖരത്തിൽ ഉണ്ടായിരുന്നുവെന്നായിരുന്നു ഇയാളുടെ അവകാശവാദം.
സിനിമാതാരങ്ങളുടെ പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാരൻ എന്ന രീതിയിൽ മോൻസ് മാവുങ്കൽ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തിന് മയക്കു മരുന്നുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ പക്കലുണ്ടായിരുന്നതും പുറത്ത് നിന്ന് വാങ്ങിക്കുന്നതുമായ പുരാവസ്തുക്കളുടെ പഴമ നിശ്ചയിക്കുന്നതും മോൻസൺ തന്നെയായിരുന്നു. എത്ര വർഷം പഴക്കമുണ്ടെന്നും മറ്റും ഇയാൾ തന്നെ നിർണ്ണയം നടത്തി മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുകയായിരുന്നു പതിവ്.
ഡോ. മോൻസൻ മാവുങ്കൽ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഡോക്ടറേറ്റുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പത്താം ക്ലാസ് പോലും ഇയാൾ പാസായിട്ടില്ലെന്നാണ് വിവരം. നൂറോളം രാജ്യങ്ങളിൽ സഞ്ചരിച്ചായിരുന്നു ഇത്തരത്തിലുള്ള ശേഖരങ്ങൾ കണ്ടെത്തിയത് എന്നാണ് മോൻസൻ മാവുങ്കൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.