ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്‌സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. അതില്‍ 70 ശതമാനത്തോളം രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. നേരത്തേ കോവിഡിനെയും ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 30ന് കോവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനയ്ക്ക് പുറത്ത് ആകെ 82 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത് മൂന്ന് കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. അസാധാരണമായ നിലയില്‍ രോഗവ്യാപനം പ്രകടമാകുന്നത്, രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത, രോഗപ്പകര്‍ച്ച തടയാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായശ്രമം അത്യാവശ്യമാകുന്നത് എന്നിങ്ങനെയാണത്.