തിരുവനന്തപുരം: ജനവാസ മേഖലയിലെ അതിക്രമത്തിന്റെ പേരിൽ കാട് കടത്തിയ അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന പേരില്‍ രൂപീകരിച്ച ഗ്രൂപ്പ് വഴിയാണ് അനധികൃത പണപ്പിരിവ് നടന്നതെന്നാണ് പരാതി.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന പേരില്‍ എറണാകുളം സ്വദേശി സിറാജ് ലാല്‍ രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാരായിരുന്ന രശ്മി സ്റ്റാലിന്‍, പ്രവീണ്‍കുമാര്‍ എന്നിവർ അഡ്വ. ശ്രീജിത്ത് പെരുമനയ്ക്ക് നൽകിയ പരാതി ഉൾക്കൊള്ളിച്ചാണ് അദ്ദേഹം ഡിജിപി അനില്‍കാന്തിന് പരാതി നൽകിയത്.
പരാതി പരിശോധിച്ച ഡിജിപി പ്രാഥമിക പരിശോധനകള്‍ക്കായി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിന് കൈമാറുകയും കേസെടുക്കാൻ നിർദേശിക്കുകയുമായിരുന്നു. അരിക്കൊമ്പന്റെ പേരിൽ വിദേശത്തു നിന്നടക്കം പണം സ്വീകരിച്ചതായി പരാതിയിൽ പറയുന്നു. ഗ്രൂപ്പിന്റെ ഉദ്ദേശം സദുദ്ദേശപരമല്ലെന്ന് തിരിച്ചറിഞ്ഞ് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ അഡ്മിൻ പാനലിൽ നിന്ന് നീക്കം ചെയ്തതായി പരാതിക്കാരിൽ ഒരാളായ പ്രവീൺകുമാർ പറയുന്നു.
ഗ്രൂപ്പിന്റെ മറവിൽ സാമ്പത്തിക തിരിമറികൾ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിറാജ് ലാലിനേയും ഇപ്പോഴത്തെ അഡ്മിനായ അരുണിനേയും ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നും തന്നെ പുറത്താക്കിയെന്നും പ്രവീൺ കുമാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഈ വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പ്രവീൺകുമാർ തന്റെ പരാതിയിൽ ആവശ്യപ്പെട്ടത്. പണപ്പിരിവിന്റെ തെളിവായി വാട്ട്സ്ആപ്പ് ചാറ്റുകളും പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, ‘എന്നും അരിക്കൊമ്പനൊപ്പം’ ഗ്രൂപ്പിന് 14 ജില്ലകളിലും ജില്ലാ ഗ്രൂപ്പുകളും സ്റ്റേറ്റ് അഡ്മിൻ ഗ്രൂപ്പും ഡോക്യുമെന്റ് റൂമും രജിസ്‌ട്രേഷൻ റൂമും ഉള്ളതായി അഡ്മിനായിരുന്ന രശ്മിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പിൽ ഇതുവരെ അഞ്ച് ലക്ഷം വന്നെന്നും നാളെ ഒരു എൻആർഐ അക്കൗണ്ടിൽ നിന്നും മൂന്നുലക്ഷം വരുമെന്നും ഏഴംഗ പാനലിലെ ഒരംഗം മെസേജയച്ചെന്നും രശ്മി പറയുന്നു. ഇവരുടെ ശരിക്കുമുള്ള ഉദ്ദേശമെന്താണെന്നും പരാതിയിൽ രശ്മി ചോദിക്കുന്നു.
സാമ്പത്തിക അട്ടിമറി മാത്രം ലക്ഷ്യമിട്ട് നടത്തുന്ന ഗ്രൂപ്പാണ് ഇതെന്ന് മനസിലായതായും ഇത് ചോദ്യം ചെയ്ത തന്നെ മാതൃഗ്രൂപ്പിൽ നിന്നും സിറാജ് ലാൽ ഒഴിവാക്കിയതായും രശ്മി പറയുന്നു. അരിക്കൊമ്പനെന്ന ആനയെ മുൻനിർത്തി കുറെ ശുദ്ധ ഹൃദയരെ ചൂഷണം ചെയ്യാനുള്ള നീക്കമാണോ ഇവരുടേതെന്ന സംശയമുള്ളതിനാൽ ഇത്തരം സംഘടനകൾ നിലവിൽ വരുംമുമ്പ് സർക്കാർ തലത്തിൽ അന്വേഷണം നടത്തി നടപടികളെടുക്കണം എന്നും രശ്മി ആവശ്യപ്പെട്ടു.
അതേസമയം, എന്നും അരിക്കൊമ്പനൊപ്പം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അനധികൃതമായി വിദേശപണമിടപാടുകൾക്കും കള്ളപ്പണ വിനിമയങ്ങൾക്കും നിയമവിരുദ്ധ പിരിവുകൾക്കും അരിക്കൊമ്പൻ ആനയെ തിരിച്ച് ചിന്നക്കനാലിലേക്ക് കൊണ്ടുവരുമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് ശ്രീജിത്ത് പെരുമന പരാതിയിൽ പറഞ്ഞിരുന്നു. നിലവിൽ കണക്കിൽപ്പെടാത്ത ലക്ഷങ്ങളുടെ വിദേശപണം എത്തിയിട്ടുണ്ടെന്നാണ് അഡ്മിൻമാർ ഉൾപ്പെടെ പരാതിയായി വെളിപ്പെടുത്തിയിട്ടുള്ളത്.
ഗ്രൂപ്പ് നിയന്ത്രിക്കുന്നത് സിറാജ് ലാൽ എന്നയാളും സാറാ ജേക്കബ് എന്ന എൻആർഐ വനിതയുമാണ്. എൻആർഐ ആയതുകൊണ്ട് തന്റെ അക്കൗണ്ടിലൂടെ എത്ര ലക്ഷങ്ങൾ വേണമെങ്കിലും അരിക്കൊമ്പന്റെ പേരിൽ എത്തിക്കാനും അത് സംഭാവനയായി സ്വീകരിക്കാൻ കഴിയുമെന്നാണ് സാറാ ജേക്കബും സിറാജ് ലാലും ഉൾപ്പെടുന്ന അംഗങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സൊസൈറ്റി രജിസ്‌ട്രേഷൻ അുവദിക്കരുതെന്നും ശ്രീജിത്ത് പെരുമന പരാതിയിൽ ആവശ്യപ്പെട്ടു.