NationalNews

ചോദ്യത്തിന് കോഴ: തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്ന് നോട്ടീസ്

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബർ 2ന് ഹാജരാകണമെന്ന് നോട്ടീസ്. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. നവംബർ 5 ന് ശേഷമേ ഹാജരാകാൻ കഴിയൂയെന്ന് മഹുവ അറിയിച്ചതിന് ശേഷമാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. 

അതേസമയം, ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര രം​ഗത്തെത്തി. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ലക്ഷ്യം പണമായിരുന്നില്ലെന്നും അവർ പറഞ്ഞു. പാർലമെന്റ് അം​ഗങ്ങളുടെ ഔദ്യോ​ഗിക ഇ മെയിൽ കൈകാര്യം ചെയ്യുന്നതിൽ ഒരു നിയമവും നിലവിലില്ല.

ഒരു എംപിയും  ചോദ്യങ്ങൾ സ്വയം  തയ്യാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. ഹിരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മഹുവ സമ്മതിച്ചു. ലിപ്സ്റ്റിക്കും മെയ്ക്കപ്പ് സാധനങ്ങളും, സ്കാർഫും ദർശൻ നന്ദാനി സമ്മാനിച്ചിട്ടുണ്ട്. തൻ്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശൻ്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു. 

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍ നിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രം​ഗത്തെത്തിയ‌ത്.

പിന്നീ‌ട്, പാർലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ–മെയിൽ വിലാസത്തിന്റെ പാസ്‌വേഡ് തനിക്കു നൽകിയെന്നും ചോദ്യങ്ങൾക്കു പകരമായി ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു ഹീരാനന്ദാനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ കുറ്റപ്പെടുത്തിയും മഹുവ രം​ഗത്തെത്തിയിരുന്നു.  

പിന്നാലെ, തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരായ വെളിപ്പെടുത്തൽ ആരുടെയും സമ്മർദ്ദം കാരണമല്ലെന്ന് വ്യവസായി ദർശൻ ഹീരാനന്ദാനി പറഞ്ഞു. എല്ലാ തെളിവുകളും സിബിഐക്കും എത്തിക്സ് കമ്മിറ്റിക്കും നൽകും. മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ചത് തെറ്റാണെന്നും ഹീരനന്ദാനി പറഞ്ഞു.

ഹീരാനന്ദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയിത്ര ആരോപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി രം​ഗത്തെത്തിയത്. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഹുവയുടെ ആരോപണം ഹിരാനന്ദാനി നിഷേധിച്ചത്. സത്യവാങ്മൂലത്തിൽ സ്വമേധയാ ഒപ്പിട്ടതാണ്. ഭയം കാരണമോ ആരെയെങ്കിലും പ്രീതിപ്പെടുത്താനോ വേണ്ടിയല്ല അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button