EntertainmentKeralaNews

കഠിനമായ വര്‍ക്ക്ഔട്ടുമായി മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ചിത്രത്തിലെത്തുക ബോക്‌സറായി

കൊച്ചി:മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോകളും ഫോട്ടോസുമെല്ലാം വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയ കീഴടക്കാറുള്ളത്. ഇ തിരക്കുകള്‍ക്കിടയിലും തന്റെ വര്‍ക്ക് ഔട്ട് മുടക്കാത്ത ലാലേട്ടന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയദര്‍ശന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഒരു ബോക്‌സര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത് എന്നാണ് സൂചന.

പ്രിയദര്‍ശന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മൂവി ആയി ഒരുക്കാന്‍ പോകുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനവും ആരംഭിച്ചിരുന്നു. അദ്ദേഹം ബോക്‌സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ബോക്സര്‍ ആവാനുള്ള ശരീരം ഒരുക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ദുബായില്‍ ഡോക്ടര്‍ ജെയ്സന്റെ കീഴിലാണ് ഇപ്പോള്‍ ലാലേട്ടന്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍’ എന്ന ചിത്രം ഒ ടി ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമായി. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മരക്കാര്‍ ഒ ടി ടി യില്‍ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ മരക്കാര്‍ കൂടാതെ ബ്രോ ഡാഡി, ട്വല്‍ത് മാന്‍, എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയും ഒ ടി ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാര്‍ തീയറ്ററുകളിലും റിലീസ് ചെയ്യുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം ബറോസ് അണിയറയില്‍ ഒരുങ്ങുകയാണ്. ആറാട്ടാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ് ചിത്രമായ പുലിമുരുകന്റെ ടീം വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ഇന്ന് പുറത്തുവിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തലയില്‍ ടര്‍ബന്‍ കെട്ടി ഒരു സിംഗായാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്കി സിംഗ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button