പിറന്നാൾ ദിനത്തിൽ നാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ് ,വിവിധ ആശുപത്രികൾക്കായി 200 ഓക്സിജൻ ,ഐ.സി.യു കിടക്കകള്‍
തിരുവനന്തപുരം:ജന്മദിനത്തില്‍ ആശുപത്രികളിലേക്ക് മോഹന്‍ലാല്‍ നല്‍കിയ സഹായത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജന്മദിനാശംസകള്‍ നേരുന്നതിനുവേണ്ടിയാണ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചിരുന്നതെന്നും അപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ചലച്ചിത്രതാരം മോഹന്‍ലാലിന്‍റെ ജന്മദിനം ആയതുകൊണ്ട് അദ്ദേഹത്തിന് ജന്മദിനാശംസ നേരുന്നതിനായി അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം അറിയിച്ച ഒരു കാര്യം തന്‍റെ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റ് വിവിധ ആശുപത്രികളിലേക്കായി 200 കിടക്കകള്‍ സംഭാവന ചെയ്തതായി അറിയിച്ചിട്ടുണ്ട്”, മുഖ്യമന്ത്രി പറഞ്ഞു.
ഓക്സിജന്‍ സൗകര്യമുള്ള ഇരുനൂറിലധികം കിടക്കകള്‍, വെന്‍റിലേറ്റര്‍ സംവിധാനത്തോടെയുള്ള 10 ഐസിയു കിടക്കകള്‍, മാറ്റാനാകുന്ന എക്സ് റേ മെഷിനുകള്‍ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ പൈപ്പ്‍ലൈന്‍ സ്ഥാപിക്കാന്‍ വേണ്ട പിന്തുണയും നല്‍കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സര്‍ക്കാരിന്‍റെ ആരോഗ്യസുരക്ഷ സ്‍കീമിന്‍റെയും പരിധിയില്‍ വരുന്ന ആശുപത്രികള്‍ക്കാണ് ഇക്കാര്യങ്ങള്‍ നല്‍കുക എന്നാണ് മോഹൻലാല്‍ അറിയിച്ചിരിക്കുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍മി ആശുപത്രി, തിരുവനന്തപുരം, എസ് പി ഫോര്‍ട് ആശുപത്രി, എറണാകളും സുധിന്ദ്ര മെഡിക്കല്‍ മിഷൻ, തിരുവനന്തപുരം ആറ്റുകാല്‍ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോര്‍ഡ്‍സ് ആശുപത്രി, എറണാകുളം ലേക് ഷോര്‍ ആശുപത്രി, പട്ടാമ്പി സര്‍ക്കാര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ സഹായം എത്തിക്കുകയെന്നും മോഹൻലാല്‍ അറിയിച്ചിരുന്നു.