കൊച്ചി: അന്തരിച്ച മഹാനടി കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ താരങ്ങളുടെ നീണ്ട നിരയാണ് തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ മുതല്‍ ഉണ്ടായിരുന്നത്. സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു എന്നതിലുപരി, ഒരുപാട് ഹൃദയബന്ധവും വ്യക്തി ബന്ധവും പുലര്‍ത്തിയിരുന്ന ചേച്ചിയായിരുന്നു കെപിഎസി ലളിതയെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഉണ്ണികൃഷ്ണന്‍ അടുത്ത് നില്‍ക്കുന്നതുകൊണ്ട് അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു എന്ന ഗാനമാണ് ഓര്‍മ വരുന്നത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളു. പക്ഷേ ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്’- മോഹന്‍ലാല്‍ പറഞ്ഞു.
നിരവധി ചിത്രങ്ങളില്‍ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാന്‍ മമ്മൂട്ടിയുമെത്തി. തൃപ്പൂണിത്തുറ ഫല്‍റ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
ഐസ്‌ക്രീം, തന്ത്രം, പ്രണാമം, കിഴക്കന്‍ പത്രോസ്, മനു അങ്കിള്‍, മതിലുകള്‍, ദ്രോണ, ക്രോണിക് ബ്ചലര്‍, ഭീഷ്മ പര്‍വം…മമ്മൂട്ടിയും കെപിഎസി ലളിതയും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ നിരവധിയാണ്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീത-നാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.