കൊച്ചി:മോഹൻലാൽ-ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകാറുണ്ട്. പ്രശംസയും വിമർശനവും ഒരേ പോലെ കേൾക്കുന്ന കൂട്ടുകെട്ടാണിത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് വളർത്തിയതിൽ ആന്റണി പെരുമ്പാവൂരിനും പങ്കുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ നടൻ ഇന്ന് കരിയറിൽ നേരിടുന്ന പരാജയങ്ങളിൽ ആന്റണി പെരുമ്പാവൂർ കേൾക്കേണ്ടി വരുന്ന പഴികളും ചെറുതല്ല. ആന്റണി പെരുമ്പാവൂർ മുഖേനെയാണ് ഭൂരിഭാഗം സിനിമകളുടെയും കഥ മോഹൻലാലിലേക്കെത്താറ്.
പുതുമുഖ സംവിധായകരുടെ സിനിമകൾ പൊതുവെ മോഹൻലാൽ ചെയ്യാറില്ല. മിക്ക സിനിമകളും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിനൊപ്പം സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.
ഇപ്പോൾ കൂടുതൽ ഞങ്ങളുടെ സിനിമകൾ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം, നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം, ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും. ഒരു കഥ കേട്ട് ഇഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും.
അത് കൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല. ഒരു സിനിമ സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകൾക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതിൽ ഞാനും ഉൾപ്പെടണമെന്നായിരിക്കും വിധിയെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്.
എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോൾ അത് ശരിയാവില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അർത്ഥം. ഹിറ്റ് സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിനിമാ ഇൻഡസ്ട്രിയുടെ ചക്രം തിരിയണമെങ്കിൽ അത്തരം സിനിമകൾ ഉണ്ടാകണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെനന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോകുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് എങ്ങനെയായിരിക്കും എന്ന ചോദ്യത്തിനും മോഹൻലാൽ മറുപടി നൽകി. ഒരു സിനിമ കഴിഞ്ഞ് ഉടനെ അടുത്ത സിനിമ തുടങ്ങുന്ന ആളാണ്. അതങ്ങനെ സംഭവിക്കുന്നതാണ്. മലെെക്കോട്ടെെ വാലിബൻ എന്ന സിനിമയിൽ കൊടുത്തിരുന്നതിലും എത്രയോ ദിവസങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നു.
അടുത്ത സിനിമയ്ക്ക് അത് ബാധിക്കും. അപ്പോൾ ഇടയ്ക്ക് ഒരു ഗ്യാപ്പൊന്നും കിട്ടില്ല. ഇതൊരു പ്രാക്ടീസ് പോലെയായി. ആ പ്രാക്ടീസിൽ അറിയാകതെ സംഭവിച്ച് പോകുന്നതാണ്. അവിടെ പോയി രണ്ട് ദിവസം കഴിയുമ്പോഴേക്ക് ആ സിനിമയിലേക്കങ്ങ് മാറുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി.
നേര് ആണ് മോഹൻലാലിന്റെ പുതിയ സിനിമ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കോർട്ട് റൂം ഡ്രാമയാണ്. ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ ആരാധകർ നേരിന്റെ റിലീസിന് കാത്തിരിക്കുന്നത്. ഡിസംബർ 21 ന് സിനിമ റിലീസ് ചെയ്യും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെെ വാലിബൻ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്