തൃശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലെ തടവുകാരില്‍ ചിലരെ ആലുവയിലെ ജയിലിലേക്ക് മാറ്റിയത് വ്യാജ ചികിത്സയുടെ പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന മോഹനന്‍ വൈദ്യര്‍ക്ക് ഗുണമായി. പീച്ചിക്ക് സമീപം കൊറോണ ചികിത്സ നടത്തിയെന്ന പേരില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ ചേദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജിയാണ് കൊറോണ കാരണം തള്ളിയത്.
വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ട് തടവുകാര്‍ക്ക് കൊറോണ സംശയിക്കുന്ന സാഹചര്യത്തില്‍ അടുത്ത സെല്ലില്‍ കഴിഞ്ഞ മോഹനന്‍ വൈദ്യര്‍ക്കും കൊറോണബാധയ്ക്ക് സാധ്യതയുണ്ടെന്ന് മോഹനന്‍ വൈദ്യരുടെ അഭിഭാഷകന്‍ വാദിച്ചു. ഇതിലെ നിജസ്ഥിതിയറിയാന്‍ കോടതി ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തേടി.
ജയിലിലെ രണ്ട് തടവുകാരെ കൊറോണ സംശയത്തിന്റെ പേരില്‍ ആലുവ ജയിലിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ തടവുകാരുടെ സമീപത്തെ സെല്ലിലാണ് മോഹനന്‍വൈദ്യര്‍ കഴിഞ്ഞിരുന്നതെന്നുമായിരുന്നു സൂപ്രണ്ട് നല്‍കിയ മറുപടി. ഇത് കണക്കിലെടുത്ത കോടതി മോഹനന്‍ വൈദ്യരെ പോലീസ് കസ്റ്റഡയില്‍ വിടുന്നത് അനുവദിച്ചില്ല.