ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് മോഹന്‍ യാദവിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. വര്‍ഷങ്ങളായി മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്‍ യുഗത്തിന് ഇതോടെ അന്ത്യമാകുകയാണ്. പുതുമുഖത്തെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ തുടക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മോഹന്‍ യാദവ്. 2013ലാണ് ഇദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. 2018ലെ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. മൂന്നാമൂഴത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ശിവരാജ് സിങ് ചൗഹാന്റെ മന്ത്രിസഭയില്‍ 2020 ജൂലൈ 2ന് മന്ത്രിയായി ചുമതലയേറ്റിരുന്നു മോഹന്‍ യാദവ്.
ഉജ്ജയിനില്‍ 1965 മാര്‍ച്ച് 25നാണ് മോഹന്‍ യാദവ് ജനിച്ചത്. വര്‍ഷങ്ങളായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. സംസ്ഥാനത്ത് അറിയപ്പെട്ട വ്യവസായി കൂടിയാണ് ഇദ്ദേഹം. 12941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ഉജ്ജയിന്‍ സൗത്തില്‍ നിന്ന് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ചേതന്‍ പ്രേം നാരായണ്‍ യാദവ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഉജ്ജയിന്‍.
മധ്യപ്രദേശിലെ പുതിയ സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ജഗദീഷ് ദിയോറയും രാജേഷ് ശുക്ലയും. മുന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ നിയമസഭാ സ്പീക്കറാകും. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ കേന്ദ്രമന്ത്രി പദവിയും എംപി പദവിയും ഇദ്ദേഹം രാജിവച്ചിരുന്നു. തോമര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
58കാരനായ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകുന്നതിലൂടെ ശിവരാജ് സിങ് ചൗഹാന്‍ യുഗത്തിനാണ് അന്ത്യമാകുന്നത്. 15 വര്‍ഷത്തിലധികം മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠ നേടിയ മുഖമായിരുന്നു ചൗഹാന്റേത്. അദ്ദേഹം നടപ്പാക്കിയ പദ്ധതികളാണ് ബിജെപിക്ക് തുടര്‍ ഭരണം നല്‍കിയത് എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മോഹന്‍ യാദവ്.
ഡിസംബര്‍ മൂന്നിനാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ബിജെപി മികച്ച വിജയം നേടിയാണ് അധികാരത്തിലെത്തിയത്. എന്നിട്ടും വേഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഒന്നിലധികം നേതാക്കള്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പുതുമുഖം വരണം എന്നാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ച നിലപാട്.
തൊട്ടുപിന്നലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്നതാണ് മധ്യപ്രദേശ് ബിജെപിയുടെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശവും ഇതായിരുന്നു.