നാഗ്പുർ:സർക്കാരിന്റെ ജനസംഖ്യാ നയം പുനരാലോചിക്കേണ്ട സമയമായെന്ന് ആർ.എസ്. എസ്. വിദഗ്ദർ പറയുന്നത് ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതി എന്നാണ്. സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പുനരാലോചിക്കണമെന്നാണ് തോന്നുന്നത്. രാജ്യത്ത് 56-57 ശതമാനം ജനങ്ങളും യുവാക്കളാണ്. അടുത്ത 30 വർഷത്തിന് ശേഷം അവർക്ക് വയസ്സാകും. ഇവരിൽ എത്ര പേരെ നമുക്ക് ഊട്ടാൻ സാധിക്കുമെന്നും ജോലി ചെയ്യാൻ ആവശ്യമായ എത്ര പേർ നമുക്ക് ഉണ്ടാകുമെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ട്- ആർ.എസ്.എസിന്റെ സ്ഥാപകദിനമായ വിജയദശമി ആഘോഷങ്ങളിൽ സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.
നിയന്ത്രണവിധേയമല്ലാത്ത ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ രാജ്യത്തിന് അപകടകരമാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. എന്താണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കാണിക്കുന്നു എന്നതിന് യാതൊരു നിയന്ത്രണവും ഇല്ല. കോവിഡിന് ശേഷം കുട്ടികളുടെ കൈയിൽ ഫോണുകളാണെന്നും നിയന്ത്രണവിധേയമല്ലാത്ത ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ വ്യാപകമാകുന്നത്. സ്കൂളിൽ പോയിരുന്ന കുട്ടികൾ ഇപ്പോൾ മൊബൈൽ ഫോണുകളിലേക്ക് മാറിയിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാർ നിർബന്ധമായും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കൊണ്ടു വരേണ്ടതുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്ത് ലഹരി ഉപയോഗം വർധിച്ചു, ഇതെങ്ങനെ നിർത്തും? ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ വരുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. നിർബന്ധമായും ഇത്തം കാര്യങ്ങൾ നിയന്ത്രിക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | "…There's no control over what's shown on OTT platforms, post Corona even children have phones. Use of narcotics is rising…how to stop it? Money from such businesses is used for anti-national activities…All of this should be controlled,"says RSS chief Mohan Bhagwat pic.twitter.com/PLELLPExdL
— ANI (@ANI) October 15, 2021
ഇപ്പോഴും നമ്മുടെ സമൂഹം ജാതിവ്യവസ്ഥിതിയിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. അതു പോലെത്തന്നെ രാജ്യവിഭജനം ദുഃഖകരമായൊരു ചരിത്രമാണ്. ഈ ചരിത്രത്തെക്കുറിച്ച് പുതുതലമുറ അറിഞ്ഞിരിക്കണം. ജനങ്ങൾ തമ്മിലുള്ള ഒത്തൊരുമയും ആർജവവും തിരിച്ചുപിടിക്കണം. ഭിന്നിപ്പിക്കുന്ന ഒരു സംസ്കാരമല്ല നമുക്ക് വേണ്ടത്. രാജ്യത്തെ ഒന്നിച്ചുനിർത്തി സ്നേഹം പരത്തുകയാണ് വേണ്ടത്. ജനനം, വാർഷികങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ ഒന്നിച്ച് ആഘോഷിക്കണം.
പാകിസ്താനും ചൈനയും താലിബാനെ പിന്തുണക്കുകയാണ്. താലിബാൻ ഒരുപക്ഷെ അവരുടെ നയങ്ങളിൽ മാറ്റം വരുത്തിയേക്കാം. എന്നാൽ പാകിസ്താന്റെ നിലപാടുകളിൽ ഒരിക്കലും മാറ്റം ഉണ്ടാകാൻ പോകുന്നില്ല. പാകിസ്താൻ ഭീകരവാദത്തെ പിന്തുണക്കുന്ന രാഷ്ട്രമായിത്തന്നെ തുടരുകയാണ്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം ഒരു പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കണം.
പാകിസ്താൻ ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുകയാണ്. ചൈന ഇന്ത്യയ്ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിയാം. ചൈനയുടെ പ്രകോപനം തുടരുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കൊബി ശോഷാനിയായിരുന്നു വിജയദശമി പരിപാടിയിലെ പ്രധാന അതിഥി.