
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടി രണ്ട് റെക്കോഡുകളും സ്വന്തമാക്കി പേസ് ബൗളര്‍ മുഹമ്മദ് ഷമി. അതിവേഗത്തില്‍ 200 ഏകദിന വിക്കറ്റുകള്‍ (എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍) നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ലോക റെക്കോഡ് ഷമി തകര്‍ത്തു. എന്നാല്‍ കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഷമി സ്റ്റാര്‍ക്കിന് പിന്നില്‍ രണ്ടാമതാണ്.
കൂടാതെ 200 വിക്കറ്റില്‍ തന്നെ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. അതിവേഗത്തില്‍ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറായും ഷമി മാറി. മുന്‍ ഇന്ത്യന്‍ പേസറും നിലവിലെ ബിസിസിഐ ചീഫ് സെലക്ടറുമായ അജിത് അഗാര്‍ക്കറിനെയാണ് ഷമി പിന്തള്ളിയത്. 133 മത്സരങ്ങളില്‍ നിന്നാണ് അഗാര്‍ക്കര്‍ 200 വിക്കറ്റ് തികച്ചതെങ്കില്‍ 104 കളിയില്‍ നിന്നാണ് ഷമിയുടെ നേട്ടം.
പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ഷമി സഹീര്‍ ഖാന്റെ പേരിലുള്ള റെക്കോഡും ബംഗ്ലാദേശിനെതിരായ മത്സരത്തോടെ മറികടന്നിട്ടുണ്ട്. ഐസിസി വൈറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റുകളിലെ വിക്കറ്റ് വേട്ടയിലാണ് ഷമി ഇന്ത്യക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയത്. പത്തോവറില്‍ 53 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഷമി ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചായിരുന്നു ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. ഏഴാം ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ(5) കൂടി പുറത്താക്കി ഷമി ബംഗ്ലാദേശിന് തകര്‍ച്ചയിലാക്കി. പിന്നീട് ജേക്കര്‍ അലിയെയും(68), തന്‍സിബ് ഹസന്‍ ഷാക്കിബിനെയും(0) പുറത്താക്കിയ ഷമി ടസ്കിന്‍ അഹമ്മദിനെ കൂടി വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.