KeralaNews

പാലക്കാട് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു

പാലക്കാട് : പാലക്കാട്ടും തെരുവുനായ ശല്യം രൂക്ഷം. പാലക്കാട് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു.

മണലാഞ്ചേരി സ്വദേശി സുല്‍ത്താനയെയാണ് തെരുവ് നായ കടിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് മാത്രം ആറ് പേര്‍ക്കാണ് നായയുടെ കടിയേറ്റത്. മദ്രസയില്‍ പോയ വിദ്യാര്‍ത്ഥികളും സ്കൂള്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും അടക്കം നായയുടെ ആക്രമണത്തിനിരയായി. മേപറമ്ബില്‍ രാവിലെ മദ്രസയില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം കടിയേറ്റത്. അലാന ഫാത്തിമ, റിഫ ഫാത്തിമ എന്നീ വിദ്യാര്‍ത്ഥിനികളെയാണ് നായ ആക്രമിച്ചത്. നായ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ആള്‍ക്കും കടിയേറ്റു. മാരകമായി പരിക്കേറ്റ നെദ്ഹറുദ്ധീനെയും വിദ്യാര്‍ത്ഥികളേയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. ചങ്ങല പൊട്ടിച്ചെത്തിയ വളര്‍ത്തുനായായാണ് ഇവരെ കടിച്ചത്.

നെന്മാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്കാണ് കടിയേറ്റത്. ബസ് ഇറങ്ങി ക്ലാസിലേക്ക് പോകുന്നതിനിടെ സ്കൂളിന് മുമ്ബില്‍ വച്ചായിരുന്നു ആക്രമണം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. പാലക്കാട് തോട്ടര സ്കൂളിലെ അധ്യാപകനും നായയുടെ കടിയേറ്റു. കെ.എ ബാബുവിനെ സ്കൂള്‍ സ്റ്റാഫ് റൂമിന് മുന്നില്‍ വച്ചാണ് നായ ആക്രമിച്ചത്.

സംസ്ഥാനത്താകെ തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. തെരുവുനായകള്‍ക്കെതിരായ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികള്‍ ഇഴഞ്ഞു നീങ്ങുമ്ബോള്‍ നാട്ടുകാര്‍ സ്വന്തം നിലയില്‍ നായകള്‍ക്കെതിരെ തിരിയുന്നതിന്‍റെ സൂചനകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കോട്ടയം മുളക്കുളത്തിനു പിന്നാലെ കൊച്ചി ഏരൂരിലും നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. മുളക്കുളം സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അഞ്ചു നായകളെ തൃപ്പൂണിത്തുറയില്‍ വിഷം കൊടുത്ത് കൊന്നതെന്ന് സംശയിക്കത്തക്ക രീതിയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി പെരുന്നയില്‍ നാട്ടുകാര്‍ക്ക് നിരന്തര ശല്യമായിരുന്ന നായയെ കൊന്ന് കെട്ടിത്തൂക്കി.

കൊച്ചി എരൂരില്‍ അഞ്ചു നായകള്‍ ഇന്നലെ ചത്തത് വിഷം ഉളളില്‍ ചെന്നാണെന്നാണ് അനുമാനം.ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമാണ് മറ്റൊരു നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ആരാണ് നായയെ കൊന്നതെന്ന് വ്യക്തമല്ല. നാട്ടുകാരെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന നായയുടെ ശവത്തിനു താഴെ വാഴയിലയില്‍ പൂവും വച്ചിരുന്നു.

മുളക്കുളത്ത് ഇന്നലെ ചത്ത പന്ത്രണ്ട് നായകളില്‍ ചിലതിന്‍റെ മൃതദേഹം പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പ് പോസ്റ്റ്മോര്‍ട്ടം നടത്തി. വിഷം ഉളളില്‍ ചെന്നാണ് ഇവയും ചത്തതെന്നാണ് അനുമാനം. മൃഗസ്നേഹികളുടെ പരാതിയെ തുടര്‍ന്നാണ് മുളക്കുളം സംഭവത്തില്‍ ഐപിസി 429 അനുസരിച്ച്‌ പൊലീസ് കേസെടുത്തത്. കേസും അന്വേഷണവും വേണ്ടെന്ന നിലപാടിലായിരുന്നു ഗ്രാമപഞ്ചായത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker