InternationalNews

വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷിർ സ്ഥാനമേൽക്കും

ദമാസ്കസ്: പ്രസിഡന്‍റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ച് ഒന്ന് വരെ സർക്കാരിനെ നയിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിമതർക്ക് ഏറ്റവും പ്രിയപ്പെട്ട നിലവിലെ ഭരണകർത്താക്കളിൽ ഒരാളായതിനാലാണ് ഇദ്‍ലിബ് പ്രവിശ്യ ഗവർണറുടെ പേര് നിർദേശിക്കപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിറിയയിൽ ബഷാർ അൽ അസദിനെ പുറത്താക്കാൻ വിമതരെ സഹായിച്ചവരിൽ പ്രധാനിയാണ് മുഹമ്മദ് അൽ ബഷീർ. വിമത സംഘടനയായ ഹയാത് തഹ്രീർ അൽ ഷാംസ് (എച്ച് ടി എസ്) വിഭാഗവുമായി അടുത്ത ബന്ധം പുലർത്തുന്നയാളായാണ് ബഷീറിനെ വിലയിരുത്തുന്നത്. ഇപ്പോൾ അസദിനെ വീഴ്ത്തിയ എച്ച് ടി എസ് നേരത്തെ ഭരിച്ചിരുന്ന ഇദ്‌ലിബ് പ്രദേശത്തിന്റെ ഭരണത്തലവനാണ് പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് അൽ ബഷീർ. എച്ച് ടി എസ് മേധാവി അബൂ മുഹമ്മദ് ജൂലാനിയും അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇടക്കാല പ്രധാനമന്ത്രിയായി ബഷീറിനെ തീരുമാനിച്ചതെന്നും വിവരമുണ്ട്.

അതേസമയം പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു. എച്ച് ടി എസിനെ ഭീകരപ്പട്ടികയിൽനിന്ന് മാറ്റുന്ന കാര്യം അമേരിക്കയുടെയടക്കം ആലോചനയിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker