മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു; ലഭിക്കുന്ന തുക ഗംഗാ നവീകരണത്തിന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച 2700ലധികം സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു. രാജ്യത്തിനകത്തുനിന്നു ലഭിച്ച മൊമന്റോകളും മറ്റും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ലേലത്തില്‍വയ്ക്കുന്നത്. ശീമാട്ടി സില്‍ക്സ് ഉടമ ബീനാ കണ്ണന്‍ സമ്മാനിച്ച മോദിയുടെ ചിത്രം തുന്നിയ പട്ടാണ് ലേലത്തിനെത്തുന്നവയില്‍ ഏറ്റവും വിലയേറിയത്. ഇപ്പോള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് സമ്മാനങ്ങളെല്ലാം.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ലേലം നടക്കുക. 200 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അടിസ്ഥാനലേലത്തുക. ജനുവരിയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ച 1800ല്‍ അധികം സമ്മാനങ്ങള്‍ ലേലം ചെയ്തിരുന്നു. ബിഎംഡബ്ല്യുവിന്റെ തടികൊണ്ടുള്ള പകര്‍പ്പാണ് ജനുവരിയിലെ ലേലത്തില്‍ വിറ്റ ഏറ്റവും വിലയേറിയ മെമന്റോ. ഇത് 5 ലക്ഷം രൂപ നേടി. ലേലം ചെയ്ത് സമാഹരിക്കുന്ന തുക ഗംഗാ നവീകരണത്തിന് ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.