പത്തനംതിട്ട : അയ്യന്റെ മണ്ണിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാൻ അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എടുത്തു പറയുകയും ചെയ്തു. കവിയൂർ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാർത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചാണ് മോദി പറഞ്ഞത്. ആത്മീയതയുടെ ഈ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായി ക്കഴിഞ്ഞു. ദില്ലിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദുർഭരണത്തിന് എതിരായി, അടിച്ചമർത്തലുകൾക്ക് എതിരായിട്ട് ജനങ്ങൾ പ്രതികരിച്ചിട്ടുണ്ട്. അടിയന്തരവാസ്ഥ കാലത്ത് വിവിധ ആശയത്തിലുള്ളവർ ഒന്നിച്ചു. വിദ്യാസമ്പന്നരായിട്ടുള്ള ആളുകൾ ബിജെപിക്കൊപ്പം ചേർന്ന് നടന്നുകൊണ്ടിരിക്കുകയാണ്. മെട്രോമാനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു.
എൽഡിഎഫും യുഡിഎഫും അവരുടേതായ ഏഴ് പാപങ്ങളാണ് കഴിഞ്ഞ കാലങ്ങളായി നടത്തിയിട്ടുള്ളത്. ഒന്ന്-ദുരഭിമാനവും അഹങ്കരവും മുഖമുദ്രയാക്കി പ്രവർത്തിച്ചു. എൽഡിഎഫിനേയും യുഡിഎഫിനേയും ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന അഹങ്കാരമാണ് രണ്ടു മുന്നണികൾക്കും. രണ്ട്-പണത്തോടുള്ള അത്യാർത്തി, കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള ഡോളർ, സോളാർ തുടങ്ങിയ തട്ടിപ്പുകളും അഴിമതികളും നാം കണ്ടു. മൂന്ന്- ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സർക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ല.
നാല്- പരസ്പരം അസൂയ, അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും പരസപരം അസൂയയാണ്. ആര് കൂടുതൽ അഴിമതി നടത്തുമെന്നാണ് അവർ ചിന്തിക്കുന്നത്.അഞ്ച്- അധികാരക്കൊതി, വർഗീയ ശക്തികൾ, ക്രിമിനൽ സഖ്യങ്ങൾ എന്നിവരുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിക്കുന്നത്. മുത്തലാഖ് വിഷയത്തിൽ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്.
ആറ്- കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ മകൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്ത വിക്രിയകൾ പറയാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അതറിയാം.ഏഴ്- നിഷ്ക്രിയത്വമാണ് അവരുടെ മുഖമുദ്ര, സ്വന്തം കാര്യങ്ങൾക്ക് മുന്നിൽ ജനം രണ്ടാമത്തെ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.