ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നൂറ് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുളള ആദ്യഘട്ട പട്ടിക ബിജെപി ഇന്ന് പുറത്തിറക്കും. ഡൽഹിയിൽ നടന്ന മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസം നരേന്ദ്രമോദിയുടെ വസതിയിൽ വച്ചാണ് യോഗം ചേർന്നത്. പുലർച്ചെ നാല് മണിക്കാണ് യോഗം അവസാനിച്ചത്.
സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നായിരിക്കും നരേന്ദ്രമോദി ഇക്കുറിയും ജനവിധി തേടുക. വാരണാസിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ കൂടി അദ്ദേഹം മത്സരിക്കുമെന്ന് വിവരമുണ്ട്. അങ്ങനെയാണെങ്കിൽ തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നായിരിക്കും നരേന്ദ്രമോദി മത്സരിക്കുക.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം ബിജെപിയെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ടതാണ്. പാർട്ടി ഇതുവരെയായിട്ടും അക്കൗണ്ട് തുറക്കാത്ത കേരളത്തിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്താനാണ് തീരുമാനം.ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചർച്ചകൾക്കുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.
അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിൽ നിന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മദ്ധ്യപ്രദേശിലെ ഗുണ–ശിവ്പുരിയിൽനിന്നും മത്സരിക്കും. ഈ മാസം പത്തിന് മുൻപായി 50 ശതമാനം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.