ബെംഗലൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ കോൺഗ്രസ് പാർട്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച അഭിനന്ദിച്ചു. ഒപ്പം ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരുടെ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും നന്ദി പറയുകയും ചെയ്‌തു. “കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് അവർക്ക് എന്റെ ആശംസകൾ” അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കോൺഗ്രസ് പാർട്ടിയെ അഭിനന്ദിക്കുമ്പോഴും, കർണാടകയെ കൂടുതൽ കരുത്തോടെ സേവിക്കുന്നത് ബിജെപി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കർണാടക തിരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ ഞങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ കർണാടകയെ സേവിക്കും” അദ്ദേഹം ട്വീറ്റ് ചെയ്‌തു.
അതേസമയം, കർണാടകയിൽ നഫ്രത് കി ബസാർ (വിദ്വേഷത്തിന്റെ മാർക്കറ്റ്) ഇപ്പോൾ അടച്ചുപൂട്ടി, സ്നേഹത്തിന്റെ കടകൾ തുറന്നിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നത്.
വൈകീട്ട് 6 മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രകാരം കർണാടകയിൽ 136 സീറ്റുകൾ നേടിയ കോൺഗ്രസ് പാർട്ടി 4 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിലെ നിരവധി മന്ത്രിമാരും നിയമസഭാ സ്‌പീക്കറും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു.