വാരണാസി: കഴിഞ്ഞ വർഷം സ്വന്തം ആവശ്യത്തിന് 16,000 കോടിരൂപയ്ക്ക് രണ്ട് വിമാനങ്ങൾ വാങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടിക്ക് എയർഇന്ത്യ തന്റെ കോടീശ്വരന്മാരായ സുഹൃത്തുകൾക്ക് വിറ്റുവെന്ന് പ്രിയങ്ക ഗാന്ധി വദ്ര. വാരണാസിയിൽ കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അവർ പ്രധാനമന്ത്രിക്കെതിരെ വിമർശം ഉന്നയിച്ചത്. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയർഇന്ത്യ 18,000 കോടിരൂപയ്ക്ക് ടാറ്റ സൺസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമർശം.
പ്രക്ഷോഭം നടത്തുന്ന കർഷകരെ പ്രധാനമന്ത്രി തീവ്രവാദികളെന്ന് വിളിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു. അവരെ തെമ്മാടികളെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. കർഷകരെ രണ്ട് മിനിറ്റിനുള്ളിൽ വരച്ച വരയിൽ നിർത്തുമെന്ന് മറ്റൊരു മന്ത്രി (അജയ് കുമാർ മിശ്ര) പറഞ്ഞു. മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ തയ്യാറായില്ല.
കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആറ് കർഷകരെ സ്വന്തം വാഹനം ഇടിച്ചു വീഴ്ചത്തി. തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയേയും അദ്ദേഹത്തിന്റെ മകനെയും സർക്കാർ സംരക്ഷിക്കുന്നത് എല്ലാവരും കണ്ടതാണ്. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്ത് ആരും സുരക്ഷിതരല്ല. പാവപ്പെട്ടവർക്കും, ദളിത് വിഭാഗക്കാർക്കും, സ്ത്രീകൾക്കും ഒന്നും സുരക്ഷിതത്വമില്ല. എന്നാൽ അദ്ദേഹത്തിന്റെ കോടീശ്വരന്മാരായ സുഹൃത്തുക്കൾ മാത്രം നല്ല രീതിയിൽ പോകുന്നു. പ്രധാനമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല രാജ്യം. രാജ്യം നിങ്ങളുടേതാണ്. അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ രാജ്യത്തെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ല.
രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം നൽകുന്നത് കർഷകരാണ്. അവരുടെ മക്കളാണ് അതിർത്തികൾ കാക്കുന്നത്. എന്നാൽ അവരുടെ കുടുംബങ്ങളിൽപ്പെട്ടവരാണ് ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതായി. കേന്ദ്രമന്ത്രി അജയ് മിശ്രയെ സസ്പെൻഡു ചെയ്യുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. അദ്ദേഹത്തിന്റെ മകനാണ് കർഷകർക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത്. എന്നാൽ യുപി മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നു.
Modi Ji bought two aircraft for himself for Rs 16,000 crores last year. He sold the entire Air India of this country for just Rs 18,000 crores to this billionaire friends: Congress leader Priyanka Gandhi Vadra at 'Kisan Nyay' rally in Varanasi pic.twitter.com/qglpMreF91
— ANI UP (@ANINewsUP) October 10, 2021
പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ല. കൃഷിഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്. കോൺഗ്രസ് പ്രവർത്തകരും നീതിക്കു വേണ്ടിയുടെ പ്രക്ഷോഭം തുടരും. ജയിലിൽ അടയ്ക്കുകയോ മർദിക്കുകയോ ചെയ്തുകൊള്ളൂ. കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നിനെയും ഭയമില്ല. മാറ്റം ആഗ്രഹിക്കുന്നവർ തന്റെയൊപ്പം വരൂ. ശക്തമായ പോരാട്ടം നടത്തി ഭരണമാറ്റം സാധ്യമാക്കാം. കാര്യങ്ങൾക്ക് മാറ്റംവരാതെ താൻ പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി നിരീക്ഷകനുമായ ഭൂപേഷ് ബാഘേലും പാർട്ടി എംപി ദീപേന്ദർ സിങ് ഹൂഡയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിലും മാ ദുർഗാ ക്ഷേത്രത്തിലും പ്രാർഥന നടത്തിയ ശേഷമാണ് പ്രിയങ്ക കിസാൻ ന്യായ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയത്.