33.4 C
Kottayam
Saturday, May 4, 2024

‘സഞ്ചരിക്കുന്ന ബാർ’; തട്ടുകടയിലെ ‘പ്രത്യേക കട്ടൻ’; കളമശ്ശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ മദ്യവേട്ട

Must read

കൊച്ചി:മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന ദിവസങ്ങളില്‍ വന്‍വിലയ്ക്ക് മദ്യം വിറ്റിരുന്ന കളമശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ നാലു പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പലയിടങ്ങളില്‍ സൂക്ഷിച്ചിരുന്ന 50 ല്‍ അധികം കുപ്പി മദ്യമാണ് ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.

കളമശേരി സ്വദേശി പള്ളിലാംകര പാലപ്പിള്ളിയില്‍ വീട്ടില്‍ പ്യാരിലാല്‍ (49) ആണ് മദ്യക്കച്ചവടത്തിനു ചുക്കാന്‍ പിടിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. രണ്ടു വര്‍ഷമായി ഇയാള്‍ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്നാണ് വിവരം. ലോക്ഡൗണ്‍ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് വാങ്ങിയിരുന്നത്

ലോക്ഡൗണ്‍ അവസാനിച്ചശേഷം അവധി ദിവസങ്ങളിലെ വ്യാപാരത്തില്‍നു വില അല്‍പം കുറ‍ഞ്ഞിട്ടുണ്ട്, പൈന്റിന് 600 രൂപ. എംസിയും ജവാനുമാണ് കാര്യമായി വില്‍പന നടത്തിയിരുന്നത്.

അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച്‌ ബവ്റിജസ് ഔട്ട്‌ലെറ്റുകളില്‍നിന്നു
വന്‍തോതില്‍ വാങ്ങുന്ന മദ്യമാണ് പ്രതികള്‍ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ത്തന്നെ സൂക്ഷിച്ചു വച്ചാണ് വിതരണവും. പ്യാരിലാല്‍ ആവശ്യക്കാരില്‍നിന്ന് പണം വാങ്ങി, തൊഴിലാളികളുടെ താമസസ്ഥലത്തേക്കു പറഞ്ഞു വിടും. ഇയാളുമായി ബന്ധമുള്ള തൊഴിലാളികള്‍ മദ്യം ആവശ്യക്കാര്‍ക്കു കൈമാറും. ഇത്തരത്തില്‍, കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായി പൊലീസ് കണ്ടെത്തി.

സഞ്ചരിക്കുന്ന ബാര്‍’

പ്യാരിലാലിന്റെ ഇടപാടില്‍ നല്ലൊരു പങ്കും ‘സഞ്ചരിക്കുന്ന ബാര്‍’ വഴിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ബെന്നിയുടെ ഓട്ടോയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ആവശ്യക്കാര്‍ക്ക്, ടച്ചിങ്സും വെള്ളവും അടക്കം കരുതിയിട്ടുള്ള ഓട്ടോയില്‍ സഞ്ചരിച്ചു മദ്യപിക്കാം. വില്‍പനശാലകളില്‍നിന്നു വന്‍തോതില്‍ വാങ്ങുന്ന മദ്യം സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും ഈ ഓട്ടോയിലായിരുന്നു.

സംഘത്തിലുള്ളവര്‍ പൊലീസ് പിടിയിലായപ്പോള്‍ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തിയ പ്യാരിലാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയെങ്കിലും ആളുകള്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. ഓട്ടോ ഓടിച്ചിരുന്ന ബെന്നിക്കെതിരെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്യാരി രാവിലെ ഓട്ടം വിളിച്ചതു കൊണ്ടു പോയതാണെന്നാണ് ബെന്നിയുടെ മൊഴി. എന്നാല്‍ ഏറെക്കാലമായി ഇയാള്‍ പ്യാരിക്കു വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.

തട്ടുകടയിലെ ‘സ്ട്രോങ്ങ് കട്ടന്‍’

തട്ടുകടയുടെ മുന്നില്‍നിന്നു കട്ടന്‍ചായ കുടിക്കുന്നയാളെ ആരു സംശയിക്കാന്‍. പക്ഷേ കളമശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് എതിര്‍വശത്തുള്ള തട്ടുകടയ്ക്കു മുന്നില്‍നിന്നു ചായ കുടിച്ചവരില്‍ പലരും നാലുകാലില്‍ പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടേണ്ട. ആവശ്യക്കാര്‍ക്കു മദ്യം കട്ടന്‍ചായയില്‍ ഒഴിച്ചു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. ഓംലെറ്റും മറ്റു ടച്ചിങ്സും ലൈവായിത്തന്നെ കിട്ടുകയും ചെയ്യും. ഈ തട്ടുകടയില്‍നിന്ന് നാട്ടുകാര്‍ മദ്യം പിടിച്ചെടുത്തു പൊലീസിനെ ഏല്‍പിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തി തട്ടുകട തുടങ്ങി പ്രദേശത്തെ ആര്‍ക്കെങ്കിലും മറിച്ചു വിറ്റോ വാടകയ്ക്കു കൊടുത്തോ പോകുന്നതാണ് പതിവ്. ഇതിനെ മദ്യവില്‍പനയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നു നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് മദ്യം പിടികൂടിയത്. തട്ടുകട നാട്ടുകാര്‍ മറിച്ചിട്ടിട്ടുണ്ട്.

പ്രദേശത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് കുറച്ചു നാട്ടുകാര്‍ ചേര്‍ന്നു ജാഗ്രതാ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നു ലഹരിവസ്തുക്കള്‍ പിടിച്ചതോടെ ജനങ്ങള്‍ ജാഗരൂകരായി. മദ്യവില്‍പനയ്ക്ക് അവധിയുള്ള ദിവസങ്ങളിലും മദ്യം സുലഭമാണെന്നു കണ്ടെത്തിയതോടെ ഇവര്‍ തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. തട്ടുകടയിലെ കട്ടന്‍ചായ പ്രയോഗവും കണ്ടെത്തിയത് നാട്ടുകാരുടെ ജാഗ്രതാ സമിതി തന്നെ. മദ്യം കണ്ടെടുത്തതോടെ പ്രതികളെ പിടിച്ചുവച്ച്‌ വിവരം പൊലീസില്‍ അറിയിച്ചു. ഇതോടെ കളമശേരി പൊലീസും പരിശോധനയ്ക്കു സജീവമായി രംഗത്തെത്തുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week