കൊച്ചി:ജന ഗണ മന എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനിടെ തിരക്കിട്ട് ഇറങ്ങുന്നതിനിടയിലാണ് ലാലേട്ടനെ കാണാന്‍ പോകണം എന്ന് പൃഥ്വിരാജ് പറഞ്ഞത്.
“ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്തറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ.” അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തൊട്ടുപിന്നാലെ ആ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ട്രോളന്‍മാര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പ്രഖ്യാപനത്തോടെ ട്രോളുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രഖ്യാപനം. തിരക്കഥ പൂര്‍ത്തിയായെന്നും പരമാവധി വേഗത്തില്‍ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസിലാണ് ‘എമ്പുരാന്‍’ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍വഴിയായിരുന്നു പ്രഖ്യാപനം.
‘ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ പെട്ടന്ന് ചെയ്യാന്‍ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- പൃഥ്വിരാജ് പറഞ്ഞു. ‘ഇതിനാണല്ലേ ലാലേട്ടനെ തിരക്കിട്ട് കാണാന്‍ പോയത്’ തുടങ്ങിയ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.