തിരുവനന്തപുരം: വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഏറ്റുവാങ്ങി നിയമസഭാ സാമാജികരും തലസ്ഥാന മാദ്ധ്യമ പ്രവർത്തകരും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ എം.എൽ.എമാരുടെ ടീമിന് വിജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ആർ.രാജേഷ് എം.എൽ.എയുടെ വെടിക്കെട്ട് ബാറ്റിംഗാണ് സ്പീക്കേഴ്സ് ഇലവനെ വിജയികളാക്കിയത്. രാജേഷ് പുറത്താകാതെ 25 പന്തിൽ നിന്നും 35 റൺ നേടി. രാജേഷാണ് കളിയിലെ കേമൻ. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സാമാജികരുടെ ടീമിൽ വനിതാ പ്രാതിനിധ്യം ഉണ്ടായി. യു പ്രതിഭയാണ് സ്പീക്കേഴ്സ് ഇലവന് വേണ്ടി കളിച്ചത്.
പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം കായിക മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
കോവൂർ കുഞ്ഞുമോൻ ക്യാപ്റ്റനായ ടീമിൽ യു പ്രതിഭ, രാജു എബ്രഹാം, ടി വി രാജേഷ്, പാറയ്ക്കൽ അബ്ദുളള, കെ ബാബു, വി. ടി ഇബ്രാഹീം, ചിറ്റയം ഗോപകുമാർ, ഐ. ബി സതീഷ്, എൽദോ എബ്രഹാം എന്നീ സാമാജികരായിരുന്നു അംഗങ്ങൾ.
ടോസ് നേടിയ മീഡിയ ഇലവൻ നിശ്ചിത പത്തോവറിൽ 66 റൺ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ എം.എൽ.എമാർക്കു വേണ്ടി ഐ.ബി.സതീഷ് മികച്ച തുടക്കം നൽകി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിജയികൾക്കുളള സമ്മാനം വിതരണം ചെയ്തു. രണ്ട് ക്യാച്ച് നേടിയ എൽദോ എബ്രഹാം മികച്ച ഫീൽഡർക്കുള്ള സമ്മാനം സ്വന്തമാക്കി. ചടങ്ങിൽ യൂണിയൻ സെക്രട്ടറി ആർ. കിരൺബാബു സ്വാഗതവും ജോഃ സെക്രട്ടറി ബി അഭിജിത് നന്ദിയും പറഞ്ഞു.
ആർ.രാജേഷ് എം.എൽ.എയുടെ വെടിക്കെട്ട് ബാറ്റിംഗ്, സ്പീക്കേഴ്സ് ഇലവന് ജയം, ഏക വനിത ടീമംഗമായി യു.പ്രതിഭയും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News