ലക്നൗ: വിവാഹിതയായ 23 വയസുകാരിയെ മൂന്ന് വർഷം മുമ്പാണ് കാണാതായത്. ഒന്നുകിൽ കൊല്ലപ്പെട്ടെന്നോ അല്ലെങ്കിൽ തട്ടിക്കൊണ്ട് പോയെന്നോ കാണിച്ച് ഭർത്താവും ബന്ധുക്കളുമെല്ലാം പൊലീസിൽ പരാതി നൽകി. കോടതിയുടെ ഇടപെടലുമുണ്ടായി. എന്നാൽ പല വഴിക്ക് അന്വേഷണം നടത്തുകയായിരുന്ന പൊലീസിന് ഒടുവിൽ നിർണായകമായ തെളിവ് ലഭിച്ചതാവട്ടെ ഫേസ്ബുക്കിൽ നിന്നും.
ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. കവിത എന്ന യുവതി 2017 നവംബർ 17ന് ദദുഹ ബസാർ സ്വദേശിയായ വിനയ് കുമാറിനെ വിവാഹം ചെയ്തു. കുടുംബത്തോടൊപ്പം ജീവിച്ചുവരുന്നതിനിടെ 2021 മേയ് അഞ്ചിന് കവിതയെ പെട്ടെന്ന് കാണാതായി. അന്ന് 23 വയസായിരുന്നു പ്രായം. കവിതയുടെ കുടുംബം, ഭർത്താവിന്റെ കുടുംബത്തെ പ്രതിയാക്കി പൊലീസിൽ പരാതി നൽകി. ഭർത്താവും, ഭർത്താവിന്റെ സഹോദരൻ, സഹോദരി, അമ്മ എന്നിവരും ചേർന്ന് കവിതയെ കൊന്നുവെന്ന് ആരോപിച്ച് കോട്‍വാലി നഗർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പൊലീസുകാർ വിശദമായ അന്വേഷണം നടത്തിയെങ്കിലും ആരോപണം തെളിയിക്കാനുതകുന്ന തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് 2022 ഡിസംബറിൽ കവിതയുടെ ഭർത്താവ് വിനയ് കുമാർ മറ്റൊരു പരാതി നൽകി. കവിതയുടെ സഹോദരൻ അഖിലേഷ് ഉൾപ്പെടെ ആറ് പേർ ചേർന്ന് തന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ആ പരാതിയിലെ ആരോപണം. ഈ കേസിലും അന്വേഷണത്തിൽ തുമ്പൊന്നു കിട്ടിയില്ല.
ഇതിനിടെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്. അന്വേഷണം എന്തായെന്നും കിട്ടിയ വിവരങ്ങൾ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. ഇതോടെ കവിതയെ കണ്ടെത്താനുള്ള അന്വേഷണവും വീണ്ടും ഊർജിതമായി. കോടതിയുടെ നിർദേശ പ്രകാരം ഒരു പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചു. ഇവരുടെ അന്വേഷണത്തിലാണ് നിർണായകമായ തെളിവ് കിട്ടിയത്.
ഫേസ്ബുക്കിൽ മറ്റൊരു പേരിൽ കവിത പ്രൊഫൈലുണ്ടാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ പ്രൊഫൈലിലെ എല്ലാ വിവരങ്ങളും തെറ്റായാണ് നൽകിയിരുന്നതും. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ അക്കൗണ്ട് പിന്തുടർന്ന് പൊലീസ് എത്തിയത് ഉത്തർപ്രദേശിലെ തന്നെ ലക്നൗവിലുള്ള ദലിഗഞ്ച് എന്ന സ്ഥലത്ത്. അവിടെ കാമുകനായ സത്യ നാരായണ ഗുപ്തയ്ക്കൊപ്പം താമസിക്കുകയായിരുന്നു കവിത.
ഗോണ്ടയിൽ കവിതയും ഭർത്താവും താമസിച്ചിരുന്ന പ്രദേശത്തിനടുത്ത് സത്യനാരായണ ഗുപ്തയ്ക്ക് ഒരു കടയുണ്ടായിരുന്നത്രെ. ഈ കടയിൽ വെച്ച് കണ്ടാണ് ഇവർ പരിചയപ്പെട്ടതും പിന്നീട് ബന്ധം ശക്തമാക്കിയതും. പിന്നീട് അയാൾക്കൊപ്പം ഒളിച്ചോടുകയും ചെയ്തു. ഗോണ്ടയിൽ നിന്ന് വിട്ട ശേഷം അയോദ്ധ്യയിൽ കുറച്ച് നാൾ താമസിച്ചിരുന്നതായും അതിന് ശേഷമാണ് ലക്നൗവിലേക്ക് വന്നതെന്നും യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.