സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ) ∙ കടലിൽ വീണ സൂചി തിരയുന്നതുപോലെ കഠിനമാണ് ചെറുവാഹനമായ ടൈറ്റൻ കണ്ടെത്താനുള്ള ശ്രമം. ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ കാണാതായ ടൈറ്റൻ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുമെന്നു വിദഗ്ധർ പറയുന്നു.
പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയർന്നു വന്നാൽത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ മറൈൻ എൻജിനീയറിങ് പ്രഫസർ അലിസ്റ്റെയർ ഗ്രേഗ് അഭിപ്രായപ്പെട്ടു.
പേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികർക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിലാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും.
ഓഷൻ ഗേറ്റ് ടൈറ്റൻ’ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും മുൻപ് പേടകം കണ്ടെത്തിയാൽ പോരാ, 5 ജീവനുകൾ രക്ഷിക്കുകയും വേണം.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിനുള്ളിൽ.
കനേഡിയൻ നാവികസേനയ്ക്കൊപ്പം യുഎസ് കോസ്റ്റ്ഗാർഡും ഫ്രാൻസും പങ്കെടുക്കുന്ന തീവ്രമായ തിരച്ചിൽ തുടരുകയാണ്. ഡീപ് എനർജി എന്ന കപ്പലും കോസ്റ്റ്ഗാർഡിന്റെ രണ്ട് സി – 130 വിമാനങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. സോണർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ പി–3 വിമാനം ഇന്നലെ ഉച്ചയോടെ പിടിച്ചെടുത്ത മുഴക്കമാണ് ഏക പ്രതീക്ഷ. യുഎസ് നാവിക വിദഗ്ധർ ആ ശബ്ദം വിശദമായി പരിശോധിക്കുന്നു. അതിനൊപ്പം അതിന്റെ ഉറവിടം തേടി വിദൂരനിയന്ത്രിത വാഹനങ്ങൾ കടലിൽ ഇറക്കിയിട്ടുമുണ്ട്.