കൊല്ലം: ഇരുപത് മണിക്കൂറിലേറെ കേരളത്തെ ഒന്നാകെ ആകാംക്ഷയില്‍ നിർത്തിയുള്ള അബിഗേലിനായുള്ള തിരച്ചില്‍ അവസാനിച്ചത് കൊല്ലം ആശ്രാമം മൈതാനത്ത്. കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് തട്ടികൊണ്ടുപോകപ്പെട്ട ആറുവയസ്സുകാരിയെ മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കൊല്ലം എസ് എന്‍ കോളേജ് വിദ്യാർത്ഥികളുമാണ് കുട്ടിയെ ആദ്യം കണ്ടെത്തുന്നത്.
മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മറ്റും കണ്ട ചിത്രങ്ങളാണ് കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചത്. കുട്ടിയെ മൈതാനത്ത് ഇരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കണ്ടുവെന്നാണ് കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെണ്‍കുട്ടി പറയുന്നത്. കുട്ടിയും സ്ത്രീയും മാത്രമായിരുന്നു ആ സമയത്ത് ഒരുമിച്ച് ഉണ്ടായിരുന്നത്. പുരുഷന്മാരെ ആരേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എസ്എന്‍ കോളേജ് വിദ്യാർത്ഥിയായ ധനഞ്ജയ പറയുന്നു.
കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് മൈതാനത്തേക്ക് നടന്ന് വരികയായിരുന്നു. അവിടെയുണ്ടായിരുന്ന മരത്തിന് ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു സ്ത്രീ കുഞ്ഞിനെ അവിടെ വെച്ച് എഴുന്നേറ്റ് പോകുന്നത് കണ്ടു. കുറേ നേരം കഴിഞ്ഞിട്ടും സ്ത്രീ തിരിച്ചുവരാതെ ഇരുന്നപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി.കുട്ടിയുടെ അടുത്ത് പോയി നോക്കിയപ്പോഴാണ് ഇന്നലെ കാണാതായ കുട്ടിയാണെന്ന സംശയം ഉണ്ടായത്.
കൂടെയുണ്ടായിരുന്നവർ എവിടെ പോയതാണെന്ന് ചോദിച്ചപ്പോള്‍ പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു. തുടർന്ന് അവിടെയുണ്ടായിരുന്ന ആൾ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഏതാണ്ട് 30-35 വയസ്സ് തോന്നിക്കുന്ന സ്ത്രീയായിരുന്നു. മഞ്ഞയും പച്ചയും കലർന്ന ചുരിദാറാണ് അവർ ധരിച്ചിരുന്നതെന്നും ധനഞ്ജയ പറയുന്നു.
കുട്ടിയുടെ അടുത്തേക്ക് ചെന്ന് പേര് ചോദിച്ചപ്പോള്‍ അബിഗേല്‍ എന്ന് പറഞ്ഞുവെന്നാണ് കുട്ടിയെ ആദ്യം കണ്ട മറ്റൊരു വ്യക്തിയാ വിനോദ് പറയുന്നത്. ‘കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്. വ്യക്തമായി ഒന്നും പറയാന്‍ സാധിച്ചില്ല. ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊൾ കൊച്ച് കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞു. പിന്നെ ഞങ്ങൾ ആഹാരം കിട്ടിയോ എന്ന് കൊച്ചിനോട് ചോദിച്ചു. വെള്ളവും ബിസ്‌കറ്റും കൊടുത്തു. ഇതൊക്കെ ഞങ്ങൾ പെട്ടെന്ന് ചെയ്തു. അപ്പോഴേക്കും കൊച്ച് നോര്‍മ്മലായി കാര്യങ്ങള്‍ പറഞ്ഞു’ വിനോദ് പറയുന്നു.