തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് കാണാതായ വനിത സിഐയെ രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തിയ സംഭവം വിശദമായി അന്വേഷിക്കാന്‍ പൊലീസ്. വയനാട് പനമരം സിഐ എലിസബത്തിനെ തിരുവനന്തപുരത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇന്നാണ് കണ്ടെത്തിയത്. കോടതി ആവശ്യത്തിനായി വയനാട്ടില്‍ നിന്ന് പാലക്കാടേക്ക് പോയ ഉദ്യോഗസ്ഥയെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. എലിസബത്ത് തൊഴിലിടത്തിൽ സമ്മർദ്ദം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.
ഈ മാസം പത്താം തീയതി വൈകിട്ടാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാകാൻ പോയ സിഐ എലിസബത്തിനെ കാണാതാകുന്നത്. എലിസബത്ത് ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു.
പാലക്കാടേക്കുള്ള കെഎസ്ആർടിസി ബസിൽ എലിസബത്ത് കയറിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചത് നിര്‍ണായകമായി. എന്നാൽ, സിഐ കോടതിയിൽ എത്തിയില്ല. സംഭവത്തിൽ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങി.
കമ്പളക്കാട് സിഐയും സംഘവും പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് എലിസബത്ത് തിരുവനന്തപുരത്തുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. റിട്ട. സിഐയായ വനിതാ സുഹൃത്തിന്‍റെ വീട്ടിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് എത്തി മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി എലിബസത്തിനെ വയനാട്ടിലേക്ക് കൊണ്ടുവരും.
പാലക്കാട്ടേക്ക് യാത്ര തുടങ്ങിയ സിഐ എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് പൊലീസ് അന്വേഷിക്കും. എലിസബത്ത് മേലുദ്യോഗസ്ഥരിൽ നിന്നും ജോലി സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ സൂചന നൽകുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. 54 വയസ് പ്രായമുള്ള എലിസബത്തിന് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. രണ്ട് വർഷം മുൻപ് പാലക്കാട് ആലത്തൂർ സ്‌റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്.