KeralaNews

കേരളത്തിലേത് അധമഭരണം; ഗവർണർക്ക് പോലും പുറത്തിറങ്ങാനാവുന്നില്ല: സുരേഷ് ഗോപി

കൊച്ചി: ഗവർണർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത രീതിയിൽ കേരളത്തിലെ അധമഭരണം മാറിയെന്ന് സുരേഷ് ഗോപി. ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഏകീകൃത സിവിൽകോഡ് വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയിൽ വരും എന്ന് പറയും പോലെയായിരിക്കില്ല.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ യുസിസി നടപ്പാക്കും. കേരളത്തിലെ അധമ സർക്കാരിന് മേൽ ഇടിത്തീ വീഴട്ടെയെന്ന് പ്രാർഥിക്കുന്നു. സർക്കാരിനെതിരായ ആരോപണങ്ങൾ കേട്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ല കോൺഗ്രസുകാർക്ക് ആ പാർട്ടിയിൽ അധിക കാലം നിൽക്കാൻ കഴിയില്ലെന്നും കോൺഗ്രസിൽ മൂല്യ ചൂഷണം സംഭവിച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

അതേസമയം, ഗവര്‍ണര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് സംശയാസ്പദമെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും സിപിഐഎമ്മുമുള്ളത്. കൊല്ലത്തെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്തിയതും കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശവും പ്രത്യേക നീക്കങ്ങളുടെ ഭാഗമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും കരുതുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതും സര്‍ക്കാര്‍ സംശയത്തോടെയാണ് കാണുന്നത്.

സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ അതിക്രമമാണിതെന്നും നടപടി ജനാധിപത്യ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അപലപിക്കാന്‍ തയ്യാറാകണമെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്.

കേന്ദ്ര സുരക്ഷയുള്ള ആര്‍എസ്എസുകാരുടെ പട്ടികയിലേക്കാണ് ഗവര്‍ണര്‍ പോകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. കേന്ദ്രസേനയെ അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നാണ് വി മുരളീധരന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button