പത്തനംതിട്ട:വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നത് തന്റെ മുൻ പഴ്സനൽ സ്റ്റാഫ് അവിഷിത്ത് ആണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാൽ ഇയാൾ ജോലിയിൽനിന്ന് ഒഴിവായതായും മന്ത്രി പറഞ്ഞു. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആർ. അവിഷിത്ത്.
ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഘപരിവാറിന്‍റെ ക്വട്ടേഷന്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഓഫിസ് അക്രമിച്ച കേസിൽ ഇതുവരെ 25 പേരാണ് അറസ്റ്റിലായത്. വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കൾ പൊലീസിനോടു പറഞ്ഞു.