സന്നിധാനം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിലവിലുള്ള ക്രമീകരണങ്ങൾ വിലയിരുത്തി നിലയ്ക്കലിലും പമ്പയിലും ചേർന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
തീർഥാടകരുടെ തിരക്ക് വർധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരും ദേവസ്വം ബോർഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥർ അടക്കം എല്ലാവരും ശബരിമലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശനസമയം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് ഒരു മണിക്കൂർ കൂടി കൂട്ടി. തിരക്ക് വർധിച്ച സാഹചര്യത്തിൽ വെർച്വൽ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീർഥാടകരുടെ എണ്ണം കുറച്ചു. ഡിസംബർ ആറ്, ഏഴ് തീയതികളിലാണ് തീർഥാടകർ ക്രമാതീതമായി വർദ്ധിച്ചത്. ഇത്തവണ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വർധിച്ചു. ഇത് പതിനെട്ടാംപടി കയറുന്നതിൽ താമസം ഉണ്ടാക്കി.
ശബരിമല തീർഥാടനം ഏറ്റവും ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്. കുറവുകൾ ഉണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കും. തീർഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നേരത്തെ ചെയ്തിട്ടുണ്ട്. എല്ലാ സ്ഥലത്തും ശൗചാലയം, കുടിവെള്ള ലഭ്യത, ലഘു ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ കെഎസ് ആർടിസി ബസുകൾ ഇത്തവണയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കും. പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു നിലയ്ക്കലിൽ സൗകര്യം ഉണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംവിധാനം ഒരുക്കും. പരാതികളിൽ ദേവസ്വം ബോർഡും മറ്റു വകുപ്പുകളും മികച്ച ഇടപെടലാണ് നടത്തുന്നത്.
എന്നാൽ ഒരുകാലത്തും ഉണ്ടാകാത്ത രീതിയിലുള്ള വിമർശനങ്ങളാണ് ഈ തീർഥാടന കാലത്ത് പ്രചരിക്കപ്പെടുന്നത്. നിലവിലുള്ള പരമാവധി സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ ശബരിമല തീർഥാടനം മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങൾ കൃത്യമായി നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും യോഗം ചേർന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പുള്ള പ്രവർത്തനം വിലയിരുത്തി.
ദേവസ്വം ബോർഡും നിരവധി യോഗങ്ങൾ നടത്തിയിരുന്നു. മുന്നോട്ട് വയ്ക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളിൽ ആലോചിച്ച് തീരുമാനം ഉണ്ടാക്കും. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാതെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ചു കാട്ടി ശബരിമലയെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയിൽ നിന്ന് പിന്തിരിയണം. ശബരിമലയെ മഹത്തായ കേന്ദ്രമായി കണ്ട് മികച്ച തീർഥാടന കാലം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി ബസിൽ അയ്യപ്പന്മാർക്കൊപ്പമാണ് മന്ത്രി പമ്പയിൽ എത്തിയത്. തുടർന്ന് പമ്പ നടപ്പന്തൽ ചുറ്റും നടന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. അതിനു ശേഷം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം മന്ത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ചു.
യോഗത്തിൽ എംഎൽഎമാരായ അഡ്വ കെ.യു ജനീഷ്കുമാർ, അഡ്വ പ്രമോദ് നാരായൺ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ, ദേവസ്വം സ്പെഷൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ഡിഐജി ആർ.നിശാന്തിനി, എഐജി ജി. പൂങ്കുഴലി, വിവിധ വകുപ്പുകളിലെയും ദേവസ്വം ബോർഡിന്റെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.