KeralaNews

‘മഹാരാജാസ് സംഭവം പരിഷ്കൃത വിദ്യാർഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി’ നടപടിയെടുത്തെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ അവഹേളിച്ച വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടതായി ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.

ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണമെന്ന് കുറിപ്പിൽ മന്ത്രി ആർ ബിന്ദു പറഞ്ഞു.

കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വിദ്യാർഥികൾ അപമാനിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോളേജിലെ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കമുള്ളവർക്കെതിരെയാണ് കോളേജിന്റെ നടപടി. ഫാസിലിനെ കൂടാതെ നന്ദന സാഗർ, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അധ്യാപകനായ ഡോ. പ്രിയേഷിനാണ് വിദ്യാർഥികളിൽ നിന്നും അപമാനം നേരിടേണ്ടിവന്നത്.

ക്ലാസ് മുറിയിൽ വെച്ചുണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും അധ്യാപകൻ ഡോ. പ്രിയേഷ് പ്രതീകരിച്ചു. വീഡിയോ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതും താൻ അറിഞ്ഞിരുന്നില്ലെന്നും അധ്യാപകൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button