27.8 C
Kottayam
Tuesday, May 28, 2024

കളിയരങ്ങില്‍ ദമയന്തിയായി മന്ത്രി ആര്‍. ബിന്ദു

Must read

ഇരിങ്ങാലക്കുട: ‘നളവിശേഷങ്ങളറിഞ്ഞ് ദമയന്തിയില്‍ അനുരാഗം വിടര്‍ന്ന’ ഭാവത്തിന് അപ്പോള്‍ മൂന്നരപ്പതിറ്റാണ്ടിനപ്പുറമുള്ള കൗമാരകാലത്തിന്റെ ഓര്‍മപ്പെടുത്തലുണ്ടായിരുന്നു.

മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ദമയന്തിയായി അരങ്ങില്‍ നിറഞ്ഞത്. 1980കളുടെ അവസാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലില്‍ കിരീടം നേടിയ ദമയന്തി വീണ്ടും അരങ്ങിലെത്തിയത് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രാങ്കണത്തിലാണ്.

ഉത്സവത്തോടനുബന്ധിച്ച സാംസ്കാരികോത്സവത്തിലെ സംഗമം വേദിയിലായിരുന്നു മന്ത്രിയുടെ കഥകളിയവതരണം. ഉണ്ണായി വാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥ ആസ്പദമാക്കിയുള്ള ‘ഹംസ -ദമയന്തി’ കൂടിക്കാഴ്ചയായിരുന്നു അവതരണം.

ദമയന്തിയായി എത്തിയ മന്ത്രി വര്‍ഷങ്ങള്‍ക്കിപ്പുറവും പിഴവുകളില്ലാതെ അരങ്ങുനിറഞ്ഞ് ആസ്വാദക മനം കവര്‍ന്നു. ഇരിങ്ങാലക്കുട സ്വദേശിനിയായ മന്ത്രി ബിന്ദു 13ാം വയസ്സ് മുതല്‍ കലാനിലയം രാഘവന്റെ ശിക്ഷണത്തിലാണ് അരങ്ങിലെത്തിയത്. രാഘവന്റെ മകള്‍ ജയശ്രീ ഗോപിയും സി.എം. ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങിലെത്തി.

ഒന്നര മണിക്കൂര്‍ നീണ്ട സമ്ബൂര്‍ണ വനിത മേളയില്‍ രാഘവന്റെ മറ്റൊരു മകള്‍ ജയന്തി ദേവരാജ് ‘ഹംസ’മായി ഒപ്പം ചേര്‍ന്നു. കലാനിലയം രാജീവന്‍ സംഗീതവും വേങ്ങേരി നാരായണന്‍ ചെണ്ടയും കലാനിലയം ഉദയന്‍ മദ്ദളവും കലാനിലയം പ്രകാശന്‍ ഇടക്കയും നന്ദകുമാര്‍ ഇരിങ്ങാലക്കുട മുഖത്തെഴുത്തും നിര്‍വഹിച്ചു.

സുരേഷ് തൊട്ടാര, കലാമണ്ഡലം വിഗ്നേഷ്, ഊരകം നാരായണന്‍ നായര്‍, കലാമണ്ഡലം മനേഷ്, രംഗഭൂഷ ഇരിങ്ങാലക്കുട എന്നിവര്‍ ചമയത്തിലും അണിയറയില്‍ പ്രവര്‍ത്തിച്ചു.

https://fb.watch/kokbrQ55JG/?mibextid=Nif5oz

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week