സുല്ത്താന് ബത്തേരി: പുരുഷസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി വയോധിക തൂങ്ങിമരിച്ചതു വരുമാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതിയാണു (55) സുഹൃത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ വീടിനു പിന്നിലെ മരത്തിൽ തൂങ്ങിമരിച്ചത്.
സുഹൃത്ത് ബത്തേരി തൊടുവട്ടി സ്വദേശി പുത്തക്കാടൻ ബീരാനെ (58) കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിലാണു ഞായറാഴ്ച കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ചന്ദ്രമതിയും മാതാവ് ദേവകിയും വീട്ടിലുള്ളപ്പോഴാണു സുഹൃത്തായ ബീരാൻ ഗുഡ്സ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അമ്മയെ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്കു ചന്ദ്രമതി പറഞ്ഞയച്ചു. പിന്നീടു ദേവകി തിരിച്ചെത്തിയപ്പോഴാണു മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ദേവകി അറിയിച്ചതനുസരിച്ചു ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് കിടപ്പു മുറിയിൽ ബീരാനെ വെട്ടേറ്റു മരിച്ച നിലയിലും കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ട ബീരാന്റെ കീഴ്ത്താടിയിലും മറ്റും വെട്ടേറ്റിട്ടുണ്ട്.
ഇരുവരും ചേർന്ന് അടുത്തിടെ വാങ്ങിയ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ടു തർക്കങ്ങളുണ്ടായിരുന്നതായി പറയുന്നു. ചന്ദ്രമതി എഴുതിയതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തു. ബീരാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗുഡ്സ് ഓട്ടോയിൽ നിന്നു കയർ എടുത്തു കൊണ്ടു വന്നാണു ചന്ദ്രമതി തൂങ്ങിയതെന്നാണു പൊലീസ് നിഗമനം.
കഴിഞ്ഞ 13 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. ബീരാനു ഭാര്യയും 2 മക്കളുമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭയിലേക്കു ബീരാൻ മത്സരിച്ചു തോറ്റിരുന്നു.