Home-bannerKeralaNational

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

ദില്ലി: യുക്രൈനില്‍ (Ukraine) നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍ (Supreme Court). ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം 90  ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മപ്പിച്ച് അനുഭവ പരിചയമുണ്ടെന്നും അവകാശപ്പെട്ടു

കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.

പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. കിഴക്കന്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ  പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു. 

കിഴക്കന്‍ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാരര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുന്ന പ്രധാനമന്ത്രി  റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിനായി സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റഷ്യന്‍ നിര്‍മ്മിത ഐഎല്‍ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാല്‍ വിമാനങ്ങള്‍ പുറപ്പെടും. ഇതിനിടെ വിദ്യാര്ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി  റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖലവഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്ന് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker