27.4 C
Kottayam
Friday, April 26, 2024

ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമെന്ന് മെസി : ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി തുടരും

Must read

മാഡ്രിഡ്: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്സ ആരാധകരുടെ ആശങ്കകള്‍ക്കും വിരാമമിട്ട് ലിയോണല്‍ മെസി. ജീവനെ പോലെ സ്നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്സലോണയില്‍ തുടരുമെന്ന് ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി. ബാഴ്സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്സലോണക്ക് നല്‍കണമെന്ന് ലാ ലിഗ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.

ബാഴ്സയില്‍ ഒരുപാട് സഹിച്ചുവെന്നും പക്ഷെ ജീവനെ പോലെ സ്നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാൻ ആഗ്രഹിക്കാത്തതിനാല്‍ മാത്രം ഈ സീസണില്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുന്നുവെന്നും മെസി പറഞ്ഞു. സീസണൊടുവില്‍ ഉപാധികളൊന്നുമില്ലാതെ ക്ലബ്ബ് വിടാമെന്നായിരുന്നു തന്റെ പ്രതീക്ഷ. സീസണൊടുവില്‍ ബാഴ്സയില്‍ തുടരണോ എന്ന് എനിക്ക് തീരുമാനിക്കാമെന്ന് ക്ലബ്ബ് പ്രസിഡന്റായ ജോസഫ് ബര്‍ത്യോമുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബ് വിടുന്ന കാര്യം ഓദ്യോഗികമായി സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 10ന് മുമ്പ് അറിയിച്ചില്ലെന്ന സാങ്കേതികത പ്രശ്നത്തിലൂന്നി വിഷയം വലിച്ചുനീട്ടാനാണ് ക്ലബ്ബ് മാനേജ്മെന്റ് ശ്രമിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സീസണ്‍ ഇപ്പോഴാണ് അവസാനിച്ചതെന്ന കാര്യം പോലും അവര്‍ കണക്കിലെടുത്തില്ല.

ക്ലബ്ബ് വിടണമെങ്കില്‍ റിലീസ് ക്ലോസായി 700 മില്യണ്‍ യൂറോ നല്‍കണമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചത്. കാരണം അത് അസാധ്യമാണ്. പിന്നെ കോടതി വഴി പരിഹാരം തേടുക എന്നതായിരുന്നു എന്റെ മുന്നിലുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍ ഞാന്‍ സ്നേഹിക്കുന്ന ബാഴ്സക്കെതിരെ ഒരിക്കലും കോടതിയില്‍ പോവാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം ഈ ക്ലബ്ബാണ് എനിക്കെല്ലാം തന്നത്. എന്റെ ജീവനും ജീവിതവുമാണ് ഈ ക്ലബ്ബ്. ബാഴ്സ എനിക്കെല്ലാം തന്നു. ഞാന്‍ എന്റേതെല്ലാം അവര്‍ക്കും നല്‍കി. അതുകൊണ്ടുതന്നെ ക്ലബ്ബിനെ കോടതി കയറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-മെസി പറഞ്ഞു

ബാഴ്സ വിടാനുള്ള തീരുമാനം ഭാര്യയെയും കുട്ടികളെയും അറിയിച്ചപ്പോള്‍ അവരെല്ലാം കരയുകയായിരുന്നു. എന്റെ കുട്ടികള്‍ ഒരിക്കലും ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ സ്കൂളുകള്‍ മാറാനും അവര്‍ക്ക് ആഗ്രമില്ല. ഇളയ കുട്ടിയായ മാറ്റിയോക്ക് ഒന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന തിയാഗോ ടിവിയില്‍ നിന്ന് എന്തൊക്കെയോ കണ്ട് എന്നോട് ചോദിച്ചു. ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതാണെന്ന് ഞാനവനോട് പറഞ്ഞില്ല. പക്ഷെ, ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പോകരുതെന്ന് പറഞ്ഞു. കഠിനമായിരുന്നു ആ നിമിഷങ്ങള്‍. തീരുമാനമെടുക്കുക എന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷെ അപ്പോഴൊക്കെയം വേദന ഉള്ളിലൊതുക്കി ഭാര്യ അന്റോണെല്ല എന്റെ തീരുമാനത്തിനൊപ്പം കൂടെനിന്നു.

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ബാഴ്സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി അഭിമുഖത്തില്‍ വ്യക്തമാക്കി. ജോസഫ് ബര്‍ത്യോമുവിന്റെ നേതൃത്വത്തിലുള്ള ബാഴ്സ മാനേജ്മെന്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week