ബ്യൂണസ് അയേഴ്സ്:ലോകഫുട്ബോളിന് അർജന്റീനയിലെ റൊസാരിയോ നഗരം മികച്ച താരങ്ങളെ നൽകിയത് പോലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാകില്ല. ലയണൽ മെസ്സി, ബാസ്റ്റിറ്റൂട്ട, എയ്ഞ്ചൽ ഡി മരിയ, മസ്കരാനോ, ലാവേസി, മാക്സി റോഡ്രിഗസ് , ഡെമിഷെലിസ് , ഹെയ്ൻസ്, പൊചെറ്റിനോ, എവർ ബനേഗാ, ഗാരെ, കൊറേയ എന്നിങ്ങനെ പോകുന്നു കളിക്കാരുടെ നീണ്ട നിര.
റൊസാരിയോ തെരുവുകളിൽ ചെറുപ്പത്തിൽ കളിച്ചു നടന്ന മെസ്സിയാണ് പിന്നീട് ലോകം കീഴടക്കിയ താരമായതെന്ന് ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കുമറിയാം. ഇപ്പോഴിതാ
റൊസാരിയോ നഗരത്തിൽ കുഞ്ഞു മെസ്സി ഹാട്രിക് നേടിയ വീഡിയോ പുറത്ത് വന്നിരിക്കുന്നു! ലയണൽ മെസ്സി സ്പാനിഷ് കബ്ബായ ബാഴ്സലോണയിലെത്തുന്നതിന് മുൻപുള്ള വീഡിയോയാണിത്.
വീഡിയോ കാണാം.
The day when a little boy from Rosario stunned the world by his unreal footballing abilities. A pure God gifted player. The beginning of GOAT Lionel Messi's story.🇦🇷🐐
— Messiologist (@breathMessi23) January 7, 2023
Watch and enjoy! pic.twitter.com/sh5Vn7v1Oh
ഇടത് വിങ്ങിൽ നിന്നും മുന്നേറ്റം നടത്തുന്ന മെസ്സിയെയാണ് ആദ്യം കാണുന്നത്. എതിർ ടീമിലെ മൂന്നു താരങ്ങളെ മറികടന്ന് ഇടതു വിങ്ങിൽ മുന്നേറിയ കുഞ്ഞു മെസ്സി ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോൾ കീപ്പർ പന്ത് കയ്യിലൊതുക്കി. മെസ്സിയുടെ അടുത്ത മുന്നേറ്റവും ഇടതു വിങ്ങിൽ നിന്നുതന്നെയായിരുന്നു. ഒരു ഡിഫന്ററെ കബളിപ്പിച്ചു ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് ഇത്തവണ ഷൂട്ട് ചെയ്തത് ഗോൾ കീപ്പറെ കീഴ്പ്പെടുത്തി ഗോളായിമാറി. ലിയോ എന്നുച്ചത്തിൽ വിളിക്കുന്ന സഹതാരങ്ങളുടെക്കടുത്തേക്ക് ഓടിയെത്തുന്ന മെസ്സിയെയാണ് പിന്നീട് കാണുന്നത്.
അടുത്തത് ഫ്രീകിക്ക് ഗോളാണ്. വലതു വിങ്ങിൽ നിന്നും ഇടം കാലുകൊണ്ടെടുത്ത ഫ്രീകിക്കിനെതിരെ എതിർ ഗോൾ കീപ്പർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ പ്രായത്തിലും മെസ്സിയുടെ ചില ഡ്രിബ്ലിങ് സ്കില്ലുകൾ അതി മനോഹരമായി വീഡിയോയിൽ കാണാം. അസിസ്റ്റിന്റെ കാര്യത്തിലും കുഞ്ഞു മെസ്സി അന്നും വ്യത്യസ്തനായിരുന്നില്ല.
അത്രയും അനായാസമായൊരസിസ്റ്റാണ് വീഡിയോയിലുള്ളത്. മൂന്നാം ഗോളിന് ഇന്നത്തെ മെസ്സിയുടെ അതേ നിലവാരമായിരുന്നു. എതിർ ഡിഫന്റർമാർ ചുറ്റിലും ഓടുമ്പോൾ ഗോൾ കീപ്പറുടെ മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു പന്ത് വലയിലെത്തിച്ചത്. മത്സരത്തിന് ശേഷം മെസ്സിയുടെ ചില സ്കില്ലുകളും വീഡിയോയിലൂടെ കാണാം. അന്നത്തെ മെസ്സിയുടെ സ്കില്ലുകൾ നിരീക്ഷിച്ച ആർക്കും മനസിലാകും, ഭാവിയിൽ അവൻ ലോകം കീഴടക്കുമെന്ന്.