അഹമ്മദാബാദ്: ഗുജറാത്തില്‍ വനിതാ കോളേജില്‍ ക്ലാസ് റൂമിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചിറക്കി അടിവസ്ത്രമഴിച്ച് നിര്‍ബന്ധപൂര്‍വ്വം ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിന് പിന്നാലെ ഒരുവര്‍ഷം മുന്‍പ് സ്വാമിനാരായണ്‍ ഭുജ് മന്ദിറിലെ കൃഷ്ണസ്വരൂപ് ദാസ് നടത്തിയ വിവാദ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വ്യപകമായി പ്രചരിക്കുയാണിപ്പോള്‍. ആര്‍ത്തവമുള്ള സ്ത്രീകള്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്നും ആര്‍ത്തവസമയത്ത് ഭര്‍ത്താവിന് ഭക്ഷണം വെച്ച് നല്‍കിയാല്‍ ആ സ്ത്രീ അടുത്ത ജന്മത്തില്‍ നായ ആകുമെന്നുമാണ് കൃഷ്ണ സ്വരൂപ് പറയുന്നത്.
” നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ക്ക് ചെയ്യാം പക്ഷേ ഇത് ശാസ്ത്രത്തില്‍ പറയുന്ന കാര്യമാണ്. ഞാനിത് പറയുമ്പോള്‍ ഇപ്പോള്‍ ഞാനൊരു കര്‍ക്കശക്കാരനായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ സ്ത്രീകള്‍ എന്റെ അടുത്ത് വന്ന് അവര്‍ നായിക്കളായി മാറിപ്പോകുമെന്ന് പറഞ്ഞ് കരയും. അതെ,നിങ്ങള്‍ നായയാകും” കൃഷ്ണ സ്വരൂപ് വീഡിയോവില്‍ പറയുന്നു.
പത്ത് വര്‍ഷത്തില്‍ ഇതാദ്യമായാണ് താന്‍ ഉപദേശിക്കുന്നത് എന്ന് പറഞ്ഞ സ്വാമി ആണുങ്ങള്‍ പാചകം ചെയ്യാന്‍ പഠിക്കണം എന്നും പറഞ്ഞു. ‘എങ്കില്‍ മാത്രമേ മതത്തിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടുപോവാന്‍ പറ്റൂ,’ കൃഷ്ണസ്വരൂപ് ദാസ്ജി പറഞ്ഞു.
കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു എന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ക്ലാസ് റൂമില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കി പരിശോധന നടത്തിയതിയിരുന്നു. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്. ഹോസ്റ്റല്‍വാസികളായ 68 പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചാണ് സഹജാനന്ദ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റിത.എം റാണിംഗ പരിശോധന നടത്തിയത്.
പരിശോധനയുടെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ അപമാനകരമായി നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പള്‍ റിത റാണിംഗ, ഗേള്‍സ് ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ രമീല ഹിരാനി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അനിത് ചൗഹാന്‍, പ്യൂണ്‍ നൈന ഗോരാസിയ എന്നിവരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ്ചെയ്തിരുന്നു.