തിരുവനന്തപുരം: നാടൊന്നാകെ കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് ഗുരുതര രോഗം ബാധിച്ചവരിലേക്കുകൂടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശ്രദ്ധ തിരിയുന്നു. രോഗികള്‍ക്കാവശ്യമുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെ വാങ്ങി നല്‍കാനാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിമിത്തം വരുമാനം നിലച്ച നിര്‍ദ്ധനരോഗികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
തദ്ദേശസ്വയംഭരണ അസോസിയേഷന്‍ ഭാരവാഹികള്‍, വകുപ്പു മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിനു ശേഷം ചേര്‍ന്ന ഉന്നതല യോഗത്തിലായിരുന്നു തീരുമാനം. ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റു രോഗികള്‍, അര്‍ബുദരോഗബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് തീരുമാനം. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുവാന്‍ കാലതാമസം വരുന്നപക്ഷം കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിനുള്ള അനുമതിയും നല്‍കി.
മതിയായ സുരക്ഷിതത്വം പാലിച്ചുകൊണ്ട് തൊഴിലുറപ്പ്, ലൈഫ് പദ്ധതികള്‍ പുനരാരംഭിക്കുവാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ റീ സര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന്റെ (ആര്‍.കെ.എല്‍.എസ്) പലിശ സബ്‌സിഡി കോവിഡിന്റെ പശ്ചാത്തലത്തില്‍ നഷ്ടപ്പെടാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
പച്ചക്കറികൃഷിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രാമസഭായോഗം ഒഴിവാക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രളയം മൂലം കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അധികമായി അനുവദിച്ചതും ഇനിയും പൂര്‍ണമായും ചെലവഴിക്കാത്തതുമായ 250 കോടി രൂപയില്‍ ശേഷിക്കുന്ന തുക ചെലവഴിക്കാന്‍ അനുമതി നല്‍കി.