തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതം അനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് ഏഴ് മെഡിക്കൽ വിദ്യാർഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്തുനൽകി. വിവിധ ബാച്ചുകളിൽപഠിക്കുന്ന വിദ്യാർഥികളാണ് മുഴുക്കൈ ജാക്കറ്റ് (സ്‌ക്രബ് ജാക്കറ്റ്) അടക്കമുള്ള വസ്ത്രംധരിക്കാൻ അനുമതിതേടിയത്.
തിയേറ്ററിനുള്ളിൽ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാൻ അനുവദിക്കമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.കത്ത് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്‍ധരുടെ യോഗം വിളിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ. മോറിസ് പറഞ്ഞു.
തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. സർജറി, അനസ്‌തേഷ്യാ തുടങ്ങിയ വകുപ്പുതലവൻമാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം പ്രതിനിധികൾ തുടങ്ങിയവരുടെ യോഗംവിളിച്ച് തീരുമാനമെടുക്കാനാണ് ആലോചിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടിനൽകാമെന്ന് വിദ്യാർഥികളെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും ഓരോഘട്ടത്തിലും പാലിക്കേണ്ട രീതികളെക്കുറിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഓപ്പറേഷൻ തിയേറ്റർ നിയന്ത്രിത മേഖലയാണ്.
തിയേറ്ററിനുള്ളിൽ കയറുന്നതിനുമുമ്പ് കൈമുട്ടിന് താഴേക്ക് വിരൽത്തുമ്പുവരെ ഒഴുകുന്നവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കേണ്ടതുണ്ട്. പിന്നീട് ആഭരണത്തിൽപ്പോലും തൊടാൻ പാടില്ല. തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്തുക്കളും അണുവിമുക്തമാക്കിയിട്ടുള്ളതാകും. ഇതെല്ലാം രോഗിക്ക് അണുബാധയുണ്ടാകാതിരിക്കാനാണെന്നും അവർ പറഞ്ഞു.