ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി മാംസാഹാരവും ലഭിക്കും. ഇതു വരെയുള്ള രീതികൾ തിരുത്തി ബുധനാഴ്ച ചിക്കൻ ബിരിയാണി വിളമ്പി. ചരിത്രത്തിൽ ആദ്യമായാണ് കാമ്പസിൽ നോൺ വെജ് ഭക്ഷണം അനുവദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയ ചിക്കൻ ബിരിയാണിയാണ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മെസിൽ വിളമ്പിയത്.
1930ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനരീതിപ്രകാരം സസ്യാഹാരം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇനി മുതൽ മാസത്തിലെ രണ്ടു ബുധനാഴ്ചകളിൽ ബിരിയാണിയും ഐസ്ക്രീമും വിതരണം ചെയ്യാനാണ് തീരുമാനം. സസ്യാഹാരം മാത്രം കഴിക്കുന്ന 25ഓളം വിദ്യാർത്ഥികൾക്ക് വെജിറ്റബിൾ ബിരിയാണി വിതരണം ചെയ്തു.
ഭൂരിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും നോൺ വെജ് വിഭവങ്ങൾ വേണമെന്ന ആവശ്യം പരിഗണിച്ചാണ് വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ബിരിയാണി വിതരണം ചെയ്തത്. നോൺ വെജ് ഉൾപ്പെടെയുള്ള ഇഷ്ടഭക്ഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു വരികയായിരുന്നുവെന്നും ചിക്കൻ ബിരിയാണി അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
എന്നാൽ അദ്ധ്യാപകരിലെ ഒരു വിഭാഗം കാമ്പസിൽ നോൺ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ഓയിൽ തെറാപ്പിക്ക് വിധേയമാകുമ്പോൾ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം. സാധാരണ വിദ്യാലയങ്ങളെന്ന പോലെ കലാമണ്ഡലത്തെ കാണാനാകില്ലെന്നും ദൈവിക കലകൾ പഠിക്കുന്ന സ്ഥലമാണിതെന്നും ഒരു വിഭാഗം കലാകാരന്മാർ അഭിപ്രായപ്പെടുന്നു.