തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫോറസ്ട്രി കോഴ്സുളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലേക്ക് ഓപ്ഷന് സ്വീകരിച്ചെങ്കിലും അലോട്ട്മെന്റ് നടത്തിയിട്ടില്ല. ഈ കോളേജിലെ രണ്ടാം അലോട്ട്മെന്റില്‍ പരിഗണിക്കുമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. അലോട്ട്മെന്റ് വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജിലുണ്ട്. അലോട്ട്മെന്റ് ലഭിച്ചവര്‍ 26നകം ഓണ്‍ലൈനായോ ഹെഡ് പോസ്റ്റ് ഓഫീസുകളിലോ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് അടയ്ക്കേണ്ട ഫീസടച്ച ശേഷം 26ന് വൈകിട്ട് മൂന്നിനകം കോളേജുകളില്‍ പ്രവേശനം നേടണം. ഹെല്‍പ്പ് ലൈന്‍- 0471 2525300
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസില്‍ വ്യക്തതയില്ലാതെയാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസും സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന ഫീസും വെബ്സൈറ്റിലുണ്ട്. നിലവില്‍ സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഫീസടച്ചാല്‍ മതി. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമുള്ള അധിക ഫീസ് അടയ്ക്കാമെന്ന സമ്മതപത്രം കോളേജില്‍ നല്‍കണം. ഇതിന്റെ മാതൃകയും വെബ്സൈറ്റിലുണ്ട്. ഈ ഘട്ടത്തില്‍ അടയ്ക്കേണ്ട ഫീസ് വിവരങ്ങള്‍ അലോട്ട്മെന്റ് മെമ്മോയിലുണ്ട്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ അലോട്ട്മെന്റിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.