തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷിനെ എല്‍ഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടെം സ്പീക്കറെ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗം തെരഞ്ഞെടുക്കും.
പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന തിങ്കളാഴ്ചയാണ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും നിയമസഭാ സമ്മേളനം നടക്കുക.
തിങ്കളാഴ്ച നിയമസഭ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ സമ്മേളനം നടത്താന്‍ തീയതി കൂടി കുറിച്ചതോടെ ഇനി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയേയും യുഡിഎഫിന് കണ്ടെത്തേണ്ടതുണ്ട്.
അതേസമയം കൊവിഡിന്റെ രണ്ടാം തരംഗം ഭരണതലത്തില്‍ വന്ന വീഴ്ചയാണെന്ന വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം രംഗത്ത് വന്നു. വാക്സിന്‍ വിതരണത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്നത് വിവേചനമാണെന്നും സത്യദീപം എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.
ഇരട്ടനീതിയുടെ ഇളവുകള്‍ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് സത്യദീപം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. കൊവിഡ് വാക്സിന്റെ വില നിര്‍ണയ അധികാരം നിര്‍മാണ കമ്പനികള്‍ക്ക് നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നു.
കൊവിഡിന്റെ രണ്ടാംതരംഗം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അതിതീവ്രമാകുമെന്ന് മുന്‍കൂട്ടി കാണാതിരുന്ന ഭരണതല വീഴ്ചയുടെ ദുരന്തമാണ് രാജ്യം കാണേണ്ടിവന്നത്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കിയത് ജനവിരുദ്ധമാണെന്നും ഇരട്ടനീതിയുടെ രാഷ്ട്രീയമാണെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനിടെ 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെയും സത്യദീപം വിമര്‍ശിച്ചു.